മൂന്നാർ: ഇക്കാനഗറിലെ സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത അജ്ഞാതർ ഓഫീസ് ബോർഡുകൾ നശിപ്പിച്ചു. ഓഫീസിനുള്ളിലിരുന്ന ഫയലുകൾ ചാക്കിൽകെട്ടി മറ്റൊരുമുറിയിൽ തള്ളി. ഓഫീസിന്റെ വാതിൽ പുതിയ താഴിട്ട് പൂട്ടുകയും ചെയ്തു.

ദേവികുളം സബ് കളക്ടർ എസ്.പ്രേംകൃഷ്ണനും പോലീസും സ്ഥലത്തെത്തി പുതിയ പൂട്ട് പൊളിച്ചാണ് ജീവനക്കാരെ ഓഫീസിൽ കയറ്റിയത്. മൂന്നാർ മേഖലയിലെ കൈയേറ്റങ്ങളുടെ വിവരങ്ങളടങ്ങിയ ഫയലുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസ് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വാതിൽ മറ്റൊരു താഴിട്ട് പൂട്ടിയ നിലയിൽ കണ്ടത്. ഇതോടെ ഉദ്യോഗസ്ഥർക്ക് മണിക്കൂറുകളോളം പുറത്തു നിൽക്കേണ്ടിവന്നു.

സംഭവമറിഞ്ഞ് സബ് കളക്ടറും മൂന്നാർ എസ്.ഐ. ടി.എം.സൂഫിയും സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിലാണ് പൂട്ട് തകർത്തത്. അകത്തുകയറിയപ്പോൾ ഫയലുകൾ നഷ്ടപ്പെട്ടതായി മനസ്സിലായി. പിന്നീട് മറ്റൊരു മുറിയിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിൽ കുറേ ഫയലുകൾ കണ്ടെത്തി. ഓഫീസിലെ രണ്ട് ബോർഡുകൾ നശിപ്പിച്ചനിലയിൽ സമീപത്തെ കാട്ടിൽനിന്ന് കിട്ടി. മൂന്നാർ വില്ലേജ് ഓഫീസറുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.

സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന ഈ കെട്ടിടം 2008-ലാണ് ഒഴിപ്പിച്ചത്. 2011-ലാണ് മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കൈയേറ്റങ്ങൾ തടയുന്നതിനായി സ്പെഷ്യൽ റവന്യൂ ഓഫീസ് ആരംഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ സ്‌പെഷ്യൽ റവന്യൂ ഓഫീസിന്റെ പ്രവർത്തനം ദേവികുളത്തെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥർ പഴയ ഓഫീസ് ഉപയോഗിച്ചുവരുകയായിരുന്നു.