കോട്ടയം: ഡോ.ബി.ആർ.അംബേദ്‌കറുടെ 130-ാം ജന്മദിനം സംസ്ഥാനവ്യാപകമായി അരലക്ഷം കേന്ദ്രങ്ങളിൽ ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ബുധനാഴ്ച ആഘോഷിക്കും.

14-ന് രാവിലെ എട്ടിന്‌ കുടുംബയോഗം പഞ്ചായത്ത്‌ താലൂക്ക് കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചന, മധുര വിതരണം തുടങ്ങിയവ നടത്തും. ഒൻപതിന്‌ കോട്ടയം തിരുനക്കര മൈതാനിക്ക്‌ സമീപം പുഷ്‌പാർച്ചന. തുടർന്ന് തിരുനക്കരയിൽനിന്ന് ജന്മദിന ഘോഷയാത്ര.

പത്തിന്‌ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ജന്മദിനസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ.സുരേഷ് അധ്യക്ഷത വഹിക്കും.

യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി., എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജു ഏബ്രഹാം, കെ.സുരേഷ് കുറുപ്പ് എന്നിവർ ജന്മദിന സന്ദേശം നൽകും. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. അംബേദ്‌കറും ഭരണഘടനയും എന്ന വിഷയത്തിൽ സെമിനാർ നടത്തും.