കോട്ടയം: കോവിഡ് കാലത്ത് കുട്ടികളുടെ ദിനചര്യകളിൽവന്ന വ്യത്യാസം ഉറക്കത്തെ ബാധിച്ചതായി മനഃശാസ്ത്രവിദഗ്ധർ. 70 ശതമാനം കുട്ടികളും കോവിഡ് കാലത്തിന് മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെ വൈകിയാണ് ഉറങ്ങുന്നത്. മൊബൈൽ ഫോൺ അനിയന്ത്രിതമായി ഉപയോഗിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കണ്ടെത്തൽ.

അഹമ്മദാബാദ് സൈക്കോളജിസ്റ്റ് അസോസിയേഷനാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് സർവേ നടത്തിയത്. ഇന്റർനാഷണൽ സ്‌കൂളുകളായ യു.എസ്.എഫ്.സി., ഇസഡ്.എസ്.എഫ്.സി., സാറ്റലൈറ്റ് സ്‌കൂൾ, ബി.എസ്.എഫ്.സി.എന്നിവയുടെ സഹകരണത്തോടെയായിരുന്നു സർവേ. എണ്ണായിരം രക്ഷിതാക്കളിൽനിന്ന് വിവരങ്ങൾ തേടിയാണ് ഫലം ക്രോഡീകരിച്ചത്.

*സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളിൽ 60 ശതമാനം പേരുടെ മക്കളും രാത്രി ഉറക്കത്തിന് തൊട്ടുമുൻപ് വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. വീഡിയോ, ഗെയിം, ചാറ്റ് എന്നിവയിലാണ് കുട്ടികൾ അഭിരമിക്കുന്നത്.

* 45 ശതമാനം കുട്ടികൾ ഉറക്കത്തിന് മുൻപ് സ്‌നാക്‌സ് കഴിക്കുന്നതും ശീലമാക്കി. ഇതെല്ലാം അവരുടെ ഉറക്കത്തിൽ താളപ്പിഴകളുണ്ടാക്കി.

കൂട്ടായി ദുസ്സ്വപ്‌നങ്ങളും

കിടക്കയിലേക്ക് പോകുന്നതിന് മുൻപ് അമിതമായി മൊബൈൽ ഉപയോഗിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകൊണ്ട് ദുസ്സ്വപ്‌നം കാണുന്നതായും സർവേയിൽ കണ്ടെത്തി. സ്വപ്‌നകാഴ്ചകൾമൂലം പാതിരാത്രി ഉറക്കം നഷ്ടപ്പെടുന്ന കുട്ടികളുമുണ്ട്.

അവബോധമുണ്ടാക്കണം

നിലവിലെ സാഹചര്യത്തിൽ അടുത്ത അധ്യയനവർഷവും പഠനത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട സാധ്യത വർധിക്കുകയാണ്. അതിനാൽ ഫോൺ എത്രനേരം ഫലപ്രദമായി ഉപയോഗിക്കാം എന്ന് അവബോധം ഉണ്ടാകണം. പഠനാവശ്യങ്ങൾക്കല്ലാതെ ഫോൺ ഉപയോഗിക്കുന്നതിനുള്ള അതിർവരമ്പ് കുട്ടികൾ നിശ്ചയിക്കണം.

-ഡോ.സാനി വർഗീസ് (ജനറൽ സെക്രട്ടറി, കേരള ഗവ.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ).