കാളികാവ്: കാടിന്റെ മക്കൾക്ക് പോലീസിൽ വീണ്ടും നിയമനം. പ്രത്യേകനിയമനംവഴി 125 പേർക്കാണ് ഇത്തവണ ജോലി കിട്ടുക. ഇവർക്ക് അസ്വൈസ് മെമ്മോയും കൈമാറി.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് അവസരം കിട്ടിയത്. 2017-ൽ മൂന്ന് ജില്ലകളിൽനിന്നുമായി 65 പേരെയും നിയമിച്ചിരുന്നു. ഇതോടെ പോലീസിൽ നിയമനം ലഭിച്ച ആദിവാസികളുടെ എണ്ണം 190 ആകും. ആദിവാസിക്കോളനികൾ കേന്ദ്രീകരിച്ച് മാവോവാദി പ്രവർത്തനം ഊർജിതമാണ്. ആദിവാസികളെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രത്യേക നിയമനത്തിന് വഴിയൊരുക്കിയത്.
2017-ൽ 35 ആദിവാസികൾക്ക് എക്സൈസ് വകുപ്പിലും നിയമനം നൽകിയിരുന്നു. വനം വകുപ്പിലെ താഴ്‌ന്നതസ്തികയിൽ മാത്രമാണ് ആദിവാസികളെ നിയമിക്കുന്നതെന്ന് മാവോവാദികൾ ആരോപണം ഉയർത്തിയിരുന്നു. പ്രത്യേകനിയമനം വഴി സർക്കാർ മാവോവാദികളുടെ വാദം തള്ളിയിരിക്കുകയാണ്.
ഒന്നാംഘട്ടത്തിൽ പോലീസിൽ നിയമനം ലഭിച്ചവർ കാണിച്ച ആത്മാർഥതയാണ് വീണ്ടും നിയമനത്തിന് വഴിവെച്ചത്. വയനാട്ടിൽ 85 പേർക്കാണ് നിയമനം. 65 പുരുഷന്മാരും 20 സ്‌ത്രീകളും. മലപ്പുറം ജില്ലയിൽ എട്ടുപുരുഷൻമാരും ഏഴ് വനിതകളും ഉൾപ്പെടെ 15 പേർക്കും പാലക്കാട്ട് എട്ട് വനിതകളും 17 പുരുഷന്മാരും അടക്കം 25 പേർക്കുമാണ് നേരിട്ട് നിയമനം നൽകുന്നത്.
എസ്.എസ്.എൽ.സിയാണ് യോഗ്യതയായി നിശ്ചയിച്ചത്. പ്രത്യേക നിയമനം നൽകുന്നവരുടെ കൂട്ടത്തിൽ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളായിരുന്ന രണ്ടുപേരുമുണ്ട്. എടക്കര കൽക്കുളം ആദിവാസിക്കോളനിയിലെ ഉമേഷും വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സിന്ധുവും. രണ്ടുപേരും മലപ്പുറം പി.എസ്.സി ഓഫീസിലെത്തി അഡ്വൈസ് മെമ്മോ കൈപ്പറ്റി.