തൃശ്ശൂർ: പുതിയ മരുന്നുകളുടെ പരീക്ഷണങ്ങളിൽ പങ്കാളികളായി പാർശ്വഫലങ്ങളനുഭവിക്കുന്നവർക്ക് ഏഴുവർഷത്തിനിടെ നഷ്ടപരിഹാരമായി നൽകിയത് 12 കോടി. എന്നാൽ ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലായെന്ന ആരോപണം ശക്തമാവുകയാണ്. കോവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ചർച്ചയാകുന്നത്.

മരുന്നുകളുടെ വലിയ വിപണിയായും ഫാക്ടറിയുമായി മാറുന്ന ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. പാർലമെന്റിൽ സമർപ്പിച്ച രേഖകൾ പ്രകാരം 2015-ൽ 859 പരീക്ഷണങ്ങൾക്കാണ് അനുമതി കൊടുത്തത്. എന്നാൽ ‘18- ആകുമ്പോഴേക്കും ഇത് 3869 എണ്ണമായി. ഇത്തരം പരീക്ഷണങ്ങളുടെ പാർശ്വഫലങ്ങൾ അറിയാനും വിലയിരുത്താനും തുടർ നടപടികൾക്കുമായി എത്തിക്‌സ് കമ്മിറ്റികൾ വേണമെന്നാണ് നിയമം. പരീക്ഷണത്തിന് അനുമതി കൊടുക്കുന്ന താത്പര്യമൊന്നും കമ്മിറ്റികളുണ്ടാക്കുന്നതിലില്ലെന്നും കണക്കുകൾ ബോധ്യപ്പെടുത്തുന്നു. അതായത് 859 അനുമതികൾ നൽകിയ കാലത്ത് 130 കമ്മിറ്റികളുണ്ടാക്കി. എന്നാൽ അനുമതി 3869 ലേക്കെത്തിയപ്പോൾ വെറും 330 കമ്മിറ്റികൾ മാത്രമാണ് നിലവിൽ വന്നത്.

ഇതേ അലംഭാവം നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തിലും കാണാം. മൂന്നുവർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് മരുന്നുപരീക്ഷണങ്ങളിൽ പങ്കാളികളായ 1443 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാലിതിൽ 88 പേരിൽമാത്രമാണ് മരുന്നുകളുടെ പാർശ്വഫലം കാരണമായതെന്നാണ് എത്തിക്‌സ് കമ്മിറ്റികൾ പറയുന്നത്. അതിൽത്തന്നെ 66 പേർക്കാണ് അക്കാലത്ത് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം പരീക്ഷണങ്ങളുടെ ഫലമായി അംഗവൈകല്യമോ പരിക്കുകളോ വന്ന ഒട്ടേറെപ്പേരുണ്ട്. ഇവർക്കൊന്നും ഒരുവിധ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുമില്ല. അനുമതി നൽകുന്ന ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫീസിന്റെ ഘടനാപരമായ പരിമിതികൾ മൂലം എത്തിക്‌സ് കമ്മിറ്റിയുൾപ്പെടെയുള്ള തുടർനടപടികൾക്ക് സാധിക്കുന്നില്ലായെന്നാണ് പറയുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് കുത്തിവെപ്പ് മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യസംഘടനകൾ ഒരു വെബിനാർ സംഘടിപ്പിച്ചിരുന്നു. മരുന്നുപരീക്ഷണങ്ങളും പാർശ്വഫലങ്ങളുടെ വിലയിരുത്തലും സംബന്ധിച്ച് ഒട്ടേറെ സംശയങ്ങൾ അതിൽ ഉയർന്നു. ഇതിനുള്ള മറുപടിയായി ഡ്രഗ്‌സ് കൺട്രോൾ ജനറൽ വി.ജി. സോമാനിയാണ് ഏഴുവർഷത്തെ ഏകദേശ കണക്ക് വ്യക്തമാക്കിയത്. എന്നാൽ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നതുമില്ല. എത്തിക്‌സ്‌ കമ്മിറ്റികളിൽ പലതും നിയമമനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം 10-15 കമ്മിറ്റികൾക്കെതിരേ നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടി.