കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവള സ്വകാര്യവത്കരണം സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നമാണെന്നും സംസ്ഥാനസർക്കാർ മുന്തിയ പരിഗണന നൽകി വിഷയത്തിൽ താത്പര്യമെടുക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരേ കരിപ്പൂരിൽ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യവത്കരണത്തിന്റെ വക്താക്കൾ വിമാനത്താവളത്തിലെ സൗകര്യം വർധിക്കുന്നതിനെക്കുറിച്ചു പറയും. സാധാരണക്കാർക്കു വിമാനത്താവളം പ്രാപ്യമല്ലാതായി മാറുന്നതിനെക്കുറിച്ചാണ് എതിർക്കുന്നവർ പറയുന്നത്. കോഴിക്കോട്‌ വിമാനത്താവളത്തിലെ പ്രധാന യാത്രക്കാർ തൊഴിലാളികളും കൂലിവേലക്കാരും സാധാരണക്കാരുമാണ്. സംസ്ഥാനസർക്കാർ ഒന്നുകൂടി താത്പര്യമെടുത്ത് വിമാനത്താവളം സാധാരണക്കാരന്റേതായി നിലനിർത്തണം -അദ്ദേഹം ആവശ്യപ്പെട്ടു.

ലാഭംകൊയ്യുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവ്യക്തികൾക്ക് വിട്ടുകൊടുക്കുന്ന പ്രാകൃതസമീപനമാണ് കേന്ദ്രത്തിന്റേതെന്നും കോഴിക്കോട്‌ വിമാനത്താവളം ഇതിനിരയാകാൻ പോകുകയാണെന്നും അധ്യക്ഷതവഹിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.