മലപ്പുറം: അറസ്റ്റുനടന്ന് അടുത്ത ദിവസംതന്നെ ’ഹരിത’ യോഗത്തിൽ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഹരിത മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ഏകദിന ശില്പശാലയിലാണ് പി.കെ. നവാസ് പ്രസംഗിച്ചത്. ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയത് ശനിയാഴ്‌ചയാണ്.

10 വർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങൾ കാമ്പസുകളിലുണ്ടാക്കാൻ ഹരിതയ്ക്ക് കഴിഞ്ഞെന്നും വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടിവന്നത് ദൗർഭാഗ്യകരമാണെന്നും നവാസ് പറഞ്ഞു. പ്രവർത്തകർക്കു വഴിതെറ്റിയിട്ടുണ്ടെങ്കിൽ ലീഗിലെ മുതിർന്നവർ വഴികാണിച്ചുതരുമെന്നും പെൺകുട്ടികളെ മാറ്റിനിർത്തി പ്രസ്ഥാനം മുന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പാർട്ടി നടപടിയെ ന്യായീകരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പി.കെ. നവാസിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്കു പകരം പുതിയ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുമെന്നും അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായിമാത്രം കണ്ടാൽ മതിയെന്നും നവാസിനെ പിന്തുണച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹരിത മലപ്പുറം ജില്ലാകമ്മിറ്റി പ്രഖ്യാപനത്തെത്തുടർന്നായിരുന്നു ഹരിത സംസ്ഥാന ഭാരവാഹികളും എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമായത്.