പോത്തൻകോട് (തിരുവനന്തപുരം): മനുഷ്യരാശിയുടെയും മാനവികതയുടെയും അന്തസ്സുയർത്തുന്നതരത്തിൽ ജാതിക്കും മതത്തിനും അതീതമായ ആത്മീയവീക്ഷണമാണ് കരുണാകര ഗുരു അവതരിപ്പിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ശാന്തിഗിരി ആശ്രമം സ്ഥാപകൻ കരുണാകരഗുരുവിന്റെ 95-ാം ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സനാതനമൂല്യത്തിലധിഷ്ഠിതമായ മാനവികവീക്ഷണവും സാംസ്കാരിക സമന്വയവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും എല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള തത്ത്വസംഹിതയാണ് ഗുരു മുന്നോട്ടുവെച്ചതെന്നും ഗവർണർ പറഞ്ഞു. ആരാധനയിൽ ഗവർണർ പങ്കെടുത്തു. ആശ്രമത്തിലെ സമാധിയിൽ പുഷ്പാർച്ചന നടത്തി.

മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, പ്രൊഫ. കെ. ഗോപിനാഥൻപിള്ള, ഡോ. കെ.എൻ. ശ്യാമപ്രസാദ്, സബീർ തിരുമല, മാണിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എന്നിവർ പങ്കെടുത്തു.