തിരുവനന്തപുരം: നേരിട്ടു പോകാതെതന്നെ കെട്ടിടനിർമാണ പെർമിറ്റിന് അപേക്ഷിക്കാനും പെർമിറ്റ് നൽകാനും കഴിയുന്ന ‘ഇന്റലിജന്റ് ബിൽഡിങ്‌ പെർമിറ്റ് മാനേജ്മെന്റ് സംവിധാനം’(ഐ.ബി.പി.എം.എസ്.) കേരളത്തിലെ എല്ലാ നഗരസഭകളിലും ഒരുക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നതോടെ ആറു കോർപ്പറേഷനുകളിലും 87 നഗരസഭകളിലും ഐ.ബി.പി.എം.എസ്. മുഖേന നിർമാണാനുമതി കിട്ടിത്തുടങ്ങും.

നിലവിൽ കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ നഗരസഭകളിലും മാത്രമേ ഈ സംവിധാനമുള്ളൂ. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെട്ട, തദ്ദേശവകുപ്പിനു കീഴിലുള്ള ഒരു പ്രഖ്യാപനംകൂടി ഇതിലൂടെ നടപ്പാക്കപ്പെടുകയാണ്.

2019-ലെ പരിഷ്കരിച്ച കെട്ടിടനിർമാണ ചട്ടങ്ങൾക്കനുസൃതമായി അപേക്ഷകൾ പരിശോധിച്ച്, ചട്ടലംഘനങ്ങൾ ഒഴിവാക്കി, പരാതിരഹിതമായി അപേക്ഷകളിൽ തീർപ്പുകല്പിക്കാനാവും. ലോ റിസ്‌ക് കാറ്റഗറിയിലുള്ള കെട്ടിടങ്ങൾക്ക് സ്ഥലപരിശോധന ഒഴിവാക്കിയുള്ള നിർമാണാനുമതിയും ഇതിലൂടെ ലഭ്യമാവും.

നിയമാനുസൃത അപേക്ഷകൾ മാത്രം സ്വീകരിക്കുകയും ഒട്ടും താമസമില്ലാതെ പെർമിറ്റ് അനുവദിക്കാൻ കഴിയുന്നതുമായ സംവിധാനമാണ് വരുന്നത്. ഓൺലൈനായി അപേക്ഷിക്കാനും ഫീസുകൾ അടയ്ക്കാനും പെർമിറ്റ് ലഭ്യമാക്കാനും സാധിക്കുന്നതോടെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തുകയാണ്.