കൊല്ലം : പോലീസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലിന്റെ പേരിൽ മാത്രം കേസെടുക്കാൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. കുറ്റകൃത്യം നടന്നതായി ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ക്രിമിനൽ നടപടിച്ചട്ടം 102 പ്രകാരം കേസെടുക്കുന്നതിനാണ് വിലക്ക്. ഇങ്ങനെ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രഥമവിവര റിപ്പോർട്ടുകളെല്ലാം അസാധുവായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. പോലീസ് മൊബൈൽഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നിർദേശം.

പോലീസ് നടത്തിയ ഓപ്പറേഷൻ പി-ഹണ്ടുമായി ബന്ധപ്പെട്ട് എടുത്ത ഒട്ടേറെ കേസുകൾ ഇങ്ങനെ റദ്ദാകും. സൈബർലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും മറ്റും തിരയുന്നവരെ കുടുക്കാൻ വേണ്ടിയാണ് കഴിഞ്ഞവർഷവും ഈ വർഷവുമായി നാല് റെയ്ഡുകൾ പോലീസ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, ലാപ്‌ടോപ്, കംപ്യൂട്ടർ എന്നിവ ഉൾപ്പെടെ ഒട്ടേറെ ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.

സി.ആർ.പി.സി.102 പോലീസിന് വസ്തുക്കൾ പിടിച്ചെടുക്കാനുള്ള നടപടിക്രമങ്ങൾ മാത്രം വിശദമാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മോഷ്ടിക്കപ്പെട്ടതെന്നോ ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതെന്നോ സംശയിക്കുന്ന സാഹചര്യത്തിൽ വസ്തുവകകൾ പിടിച്ചെടുക്കാം. ഫൊറൻസിക് പരിശോധനയോ മറ്റ് വിശ്വസനീയമായ തെളിവുകൾ വഴിയോ കുറ്റകൃത്യം നടന്നെന്ന് തെളിയിച്ചാൽ മാത്രമേ കേസെടുക്കാൻ അധികാരമുള്ളു.

സംശയാസ്പദമായനിലയിൽ പണം, സ്വർണം, മൊബൈൽഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ പിടിച്ചെടുക്കുന്നതും അതിന് എഫ്.ഐ.ആർ. തയ്യാറാക്കി കോടതിയിൽ ഹാജരാക്കുന്നതും പതിവാണ്. വസ്തുക്കളുടെ സ്വഭാവം പരിഗണിച്ച് ആദായനികുതിവകുപ്പ്, ഡി.ആർ.ഐ., ഇ.ഡി. തുടങ്ങിയ ഏജൻസികൾക്ക് കോടതി അന്വേഷണം കൈമാറാറുണ്ട്.

സംശയാസ്പദമായ വസ്തുക്കൾ കണ്ടുകെട്ടാനും അതുസംബന്ധിച്ച് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണ ഏജൻസിക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരണോ അതോ മറ്റേതെങ്കിലും ഏജൻസിയാണോ അന്വേഷണം നടത്തേണ്ടതെന്ന് കോടതിയാണ് നിർദേശം നൽകേണ്ടത്.

മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെയോ ഐ.ടി.ആക്ടിലെയോ വകുപ്പുകൾപ്രകാരം എടുത്തിട്ടുള്ള കേസുകൾ നിലനിൽക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു കേസുകളിൽ കുറ്റകൃത്യം നടന്നതായി തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഇതേവകുപ്പുകൾപ്രകാരം കേസെടുക്കും. അല്ലാത്ത പ്രഥമവിവര റിപ്പോർട്ടുകൾ റദ്ദാക്കും.