തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ ഉത്തരവുവന്ന് ഒരു വർഷമായ ശനിയാഴ്ച കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ്‌ അസോസിയേഷ(കെ.ജി.എം.സി.ടി.എ.)ന്റെ ആഭിമുഖ്യത്തിൽ സർക്കാർ മെഡിക്കൽ കോേളജ് ഡോക്ടർമാർ വഞ്ചനാദിനം ആചരിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു ദിനാചരണം. ഭൂരിഭാഗം മെഡിക്കൽ കോേളജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ്‌പോലും നൽകിയിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി. പരിഷ്‌കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവ ഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ബിനോയ്, സെക്രട്ടറി ഡോ. നിർമൽ ഭാസ്‌കർ എന്നിവർ ആവശ്യപ്പെട്ടു. രോഗീപരിചരണത്തെ ബാധിക്കാതെയായിരുന്നു വഞ്ചനാദിനാചരണം.