കൊല്ലം : കൊക്കോക്കൃഷി വ്യാപിച്ചിട്ടും വിപണനസാധ്യതകളും സംസ്കരണത്തിനുള്ള സാഹചര്യവും കുറഞ്ഞത്‌ കർഷകർക്ക്‌ പ്രതിസന്ധിയുണ്ടാക്കുന്നു. വിൽപ്പനവില ഉയർന്നിട്ടും കൊക്കോ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌ കർഷകർ.

പാലക്കാട്, കാസർകോട്, കോഴിക്കോട്, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് സംസ്ഥാനത്ത് കൊക്കോക്കൃഷി കൂടുതലുള്ളത്. റബ്ബറിന് വിലയിടിഞ്ഞ സമയത്ത് മറ്റു ജില്ലകളിലെ കർഷകരും കൊക്കോ വളർത്തിത്തുടങ്ങി. ഉത്പാദനച്ചെലവ് കുറവായതും കേരള കാർഷികസർവകലാശാലയിലെ കൊക്കോ ഗവേഷണകേന്ദ്രത്തിൽനിന്ന് അത്യുത്പാദനശേഷിയുള്ള പുതിയ ഇനങ്ങൾ ലഭ്യമായതും കാരണം കൂടുതൽ സ്ഥലങ്ങളിലേക്ക് ഇപ്പോൾ കൃഷി വ്യാപിക്കുകയാണ്.

ഇടവിളയായും തോട്ടവിളയായും കൊക്കോ കൃഷിചെയ്യുന്നുമുണ്ട്‌. കൃത്യസമയത്ത് കൊമ്പുകോതലിലൂടെ കൂടുതൽ വിളവു ലഭിക്കുന്നുമുണ്ട്. മറ്റുവിളകളെ അപേക്ഷിച്ച് വളപ്രയോഗവും പരിചരണവും കുറച്ചുമതിയെന്നതാണ് മറ്റെുരു നേട്ടം. കൊമ്പുകോതലിലൂടെ ലഭിക്കുന്ന ഇലകളും മറ്റ് അവശിഷ്ടങ്ങളും വേഗത്തിൽ ജൈവവളമാക്കാനും കഴിയും. ഇതെല്ലാം കാരണം കൊക്കോക്കൃഷിക്ക് പ്രിയമേറെയാണിപ്പോൾ.

മേയ്‌മുതൽ ജൂലായ്‌വരെയാണ് കൊക്കോയുടെ വിളവെടുപ്പുകാലം. തോട് ഒഴിവാക്കി വിറ്റാൽ ഇപ്പോൾ കിലോയ്ക്ക് 30 മുതൽ 34 രൂപവരെയും ഉണക്കിയെടുത്താൽ 150 രൂപവരെയും ലഭിക്കും. വിളവെടുത്താൽ അധികദിവസം സൂക്ഷിച്ചുവെക്കാൻ കഴിയാത്തതാണ് കർഷകർക്ക് ബുദ്ധിമുട്ടാകുന്നത്. കൊക്കോക്കുരു ഉണക്കിസൂക്ഷിക്കാൻ കഴിഞ്ഞാൽ കൂടുതൽ നേട്ടമുണ്ടാക്കാനാകും.

കേരളത്തിലെ കൊക്കോയെക്കാൾ ഗുണം കർണാടകത്തിൽനിന്നുള്ള കൊക്കോയ്ക്കായതിനാൽ ചോക്ലേറ്റ് കമ്പനികളുംമറ്റും അവിടം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ കേരളത്തിലെ വിപണനസാധ്യതയെ ബാധിക്കുന്നു. കൃഷിവകുപ്പോ കാർഷിക സഹകരണ സംഘങ്ങളോ കൊക്കോ സംഭരിക്കാൻ കൂടുതൽ സംവിധാനങ്ങളൊരുക്കിയാൽ പ്രതിസന്ധി മറികടക്കാനാകുമെന്ന് കർഷകർ പറയുന്നു. ചെറുകിട ചോക്ലേറ്റ് കമ്പനികളോ സ്റ്റാർട്ടപ്പുകളോ കൊക്കോസംഭരണം തുടങ്ങാൻ തയ്യാറായാൽ കർഷകർക്ക് ഗുണമാകും.

നടപടിയെടുക്കുമെന്ന്‌ കൃഷിവകുപ്പ്‌

: ഇടക്കാലത്ത്‌ നിലച്ചുപോയ കൊക്കോക്കൃഷി കേരളത്തിൽ വീണ്ടും വ്യാപകമാകുകയാണ്‌. അതിനാൽത്തന്നെ കൊക്കോസംഭരണത്തിനുള്ള നടപടികൾ പരിഗണിക്കും. കോട്ടയം ജില്ലയിൽ കർഷകസംഘങ്ങൾ കൊക്കോ സംഭരിച്ച്‌ വിപണനം നടത്തുന്നുണ്ട്‌. ആ മാതൃകയിലുള്ള സംരംഭങ്ങളാണ്‌ ആലോചിക്കുന്നതെന്ന്‌ കൃഷിവകുപ്പ്‌ അധികൃതർ വ്യക്തമാക്കി.