കണ്ണൂർ: ശരിയല്ലാത്ത ഒട്ടേറെ പ്രവണതകൾ സമൂഹത്തിലുണ്ടെന്നും അതിനെ മതപരമായി ചിത്രീകരിക്കുന്നതും മതത്തിന്റെ ഭാഗമായി കാണുന്നതും ശരിയായ നിലപാടല്ലെന്ന്‌ തദ്ദേശ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രശ്നങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. പല ജിഹാദിനെക്കുറിച്ചും ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. അതൊന്നും ശാസ്ത്രീയമാണെന്ന നിലപാടില്ല-പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

വർഗീയനിലപാടിന് ഊന്നൽനൽകുന്ന ഒരു സിലബസും കേരളത്തിലെ ഒരു പാഠ്യപദ്ധതിയിലും ഉണ്ടാകില്ലെന്ന് കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിന്റെ സ്ഥാപകനേതാക്കൾ ഹിന്ദുവർഗീയനിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചവരാണ്. ദേശീയതയുടെ അർഥം മതദേശീയതയാണെന്ന് തെറ്റായി വ്യാഖ്യാനിച്ചവരുടെ സമീപനമാണത്. അവരുമായി ഒരു വിട്ടുവീഴ്ചയുമില്ല. സർക്കാരിന്റെ കൃത്യമായ നിലപാടാണത്. അതേസമയം, വിജ്ഞാനഭണ്ഡാരത്തിലെ ഒന്നിനെയും തള്ളിക്കളയരുതെന്നാണ് ജ്ഞാനസിദ്ധാന്തത്തിലെ കാഴ്ചപ്പാട്. നമ്മൾ നഖശിഖാന്തം എതിർക്കുന്നവയുൾപ്പെടെ എല്ലാം വരുംതലമുറയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കണം. അതുകൊണ്ട് ഹിന്ദുത്വവുമായി ബന്ധപ്പെട്ടതൊന്നും തൊടാനോ വായിക്കാനോ പാടില്ലെന്ന നിലപാടില്ല. അതിൽ ജീർണമായതിനെയും വളരാനുള്ളതിനെയും തിരിച്ചറിഞ്ഞ് വളരാൻ സാധ്യതയുള്ളതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.