കണ്ണൂർ: തദ്ദേശവകുപ്പിലെ അഞ്ചുവിഭാഗങ്ങളെ ഏകോപിപ്പിച്ച് ഈ മാസം ഉത്തരവിറങ്ങുമെന്നും ഇതിന്റെ തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും തദ്ദേശസ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. യൂണിയനുകളുമായുള്ള ചർച്ച നേരത്തെ പൂർത്തിയായതാണെന്നും സർക്കാരും നേരത്തെ തീരുമാനമെടുത്തതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പഞ്ചായത്തുവകുപ്പ്, മുനിസിപ്പൽ കോമൺ സർവീസ്, ഗ്രാമവികസനവകുപ്പ്, ടൗൺ പ്ലാനിങ്‌ വകുപ്പ്, തദ്ദേശസ്ഥാപന എൻജിനീയറിങ്‌ വിഭാഗം എന്നിവയാണ് ഒറ്റ ഡയറക്ടറേറ്റിന്റെ കീഴിലാക്കുന്നത്. നിലവിൽ പഞ്ചായത്തുവകുപ്പ് പഞ്ചായത്ത് ഡയറക്ടറുടെ കീഴിലും നഗരസഭയും കോർപ്പറേഷനും അടങ്ങുന്ന മുനിസിപ്പൽ കോമൺ സർവീസ് നഗരകാര്യവകുപ്പ് ഡയറക്ടറുടെ കീഴിലുമാണ്. ഇപ്പോൾ പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവർക്ക് നഗരസഭകളിലേക്കോ കോർപ്പറേഷനുകളിലേക്കോ തിരിച്ചോ മാറാൻ കഴിയില്ല. ഏകോപനം വരുന്നതോടെ മാറാം. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 87 നഗരസഭ, ആറ്‌ കോർപ്പറേഷൻ എന്നിവയടക്കം 1200 തദ്ദേശസ്ഥാപനങ്ങളിലായി ഇരുപതിനായിരത്തിനുമേൽ ജീവനക്കാരാണ് ആകെ. പദ്ധതികളുടെ ഏകോപനം കൂടുതൽ എളുപ്പമാകുമെന്നതാണ് മറ്റൊരു നേട്ടം. പഞ്ചായത്തിലും നഗരസഭയിലും കൂടി കടന്നുപോകുന്ന റോഡ് നിർമിക്കാൻ നിലവിൽ രണ്ടുവിഭാഗങ്ങളുടെ അനുമതി വേണം. ഏകോപനം വന്നാൽ ഒറ്റവകുപ്പിന്റെ അനുമതി മതി.