കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ക്രൈം കേസുകളുടെ പരിശോധനയ്ക്ക് വേഗം കൂട്ടാൻ കേരളത്തിലെ ഫൊറൻസിക് ലാബുകളിൽ നിർഭയ ഫണ്ട്. 6.2 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ആദ്യഘട്ട തുക ലഭിച്ചു. കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം ഫൊറൻസിക് ആൻഡ്‌ സയൻസ് ലാബിലാണ് തുക വിനിയോഗിക്കുക. പോക്സോ അടക്കമുള്ള ക്രൈംകേസുകളിൽ ഡി.എൻ.എ. പരിശോധന ഏറിയതിനാൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് തുക ഉപയോഗിക്കുമെന്ന് സംസ്ഥാന ഫൊറൻസിക് ആൻഡ്‌ സയൻസ് ലാബ് ഡയറക്ടർ എം.എ.ലതാദേവി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ഫൊറൻസിക് ലാബുകളിലാണ് ഡി.എൻ.എ. പരിശോധിക്കുന്നത്. കണ്ണൂരിലും തൃശ്ശൂരിലും ഇരുപതോളവും തിരുവനന്തപുരത്ത് 30-ന് മുകളിലും പോക്സോ കേസുകൾ ഒരുമാസം വരുന്നുണ്ട്. ലാബുകളിൽ പരിശോധനയ്ക്കെത്തുന്ന പോക്സോ ഉൾപ്പെടെയുള്ള ക്രൈം കേസുകളുടെ എണ്ണം വർധിച്ചതായി കണ്ണൂർ ഫൊറൻസിക് ആൻഡ്‌ സയൻസ് ലാബ് ജോ. ഡയരക്ടർ പി.ഷാജി പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെ കുറവുമൂലം പരിശോധനാഫലം വൈകുകയാണ്.

നിർഭയ ഫണ്ടിൽ, ലാബുകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാമെന്നത് ഏറെ ഗുണംചെയ്യും. ഉപകരണങ്ങളും പരിശോധനാ ഉദ്യോഗസ്ഥരും വർധിച്ചാൽ പോക്സോ കേസുകൾക്ക്‌ പുറമെ കൊലപാതക കേസുകൾ, പിതൃത്വ പരിശോധന, മാനഭംഗ കേസുകളിലെ തെളിവുശേഖരണം എന്നിവയും വേഗത്തിലാക്കാം.

കണ്ണൂർ റീജണൽ ലാബിൽ വർഷം ശരാശരി 200-ഓളം പോക്സോ കേസുകൾ വരുന്നുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് റൂറൽ, സിറ്റി, വയനാട് പോലീസ് ജില്ലകളിലെ സാമ്പിളുകൾ പരിശോധിക്കുന്നു.