കൊച്ചി: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരേ പരോക്ഷ വിമർശനവുമായി സ്പീക്കർ എം.ബി. രാജേഷ്. ഉത്തരവാദപ്പെട്ടവർ വിവേകശൂന്യമായ പരാമർശങ്ങൾ നടത്തരുതെന്നും സമൂഹത്തിന്റെ ഐക്യത്തിനും സൗഹാർദത്തിനും പോറലേൽപ്പിക്കുന്നവർ ആരാണെങ്കിലും മാധ്യമങ്ങൾ അവരുടെ പ്രചാരകരാകരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ (ജി.എം.പി.സി.) വെബ്‌സൈറ്റ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും എതിരായ ഒന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാവരുത്. കേരളത്തിലെ മാധ്യമങ്ങൾ അത്തരം ജാഗ്രത പുലർത്തിയ ഒട്ടേറെ മാതൃകകൾ മുന്നിലുണ്ട്. വിദ്വേഷം നിറയ്ക്കുന്ന പലതരം വാർത്തകൾ ദിവസവും മാധ്യമ പ്രവർത്തകർക്ക് കൈകാര്യം ചെയ്യേണ്ടിവരുമെന്നും ഇത്തരം വാർത്തകളുടെ പ്രചാരകരായി മാറാതിരിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ പ്രധാനപ്പെട്ട യോഗ്യതയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.