കണ്ണൂർ: ’ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ’ എന്നപേരിൽ ഗാന്ധിദർശൻ സമിതി വാഹനജാഥ നടത്തുന്നു. ഉപ്പുകുറുക്കൽ നടന്ന പയ്യന്നൂരിൽ ഒക്ടോബർ രണ്ടിന് വൈകിട്ട് 5.30-ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. അയ്യങ്കാളിയുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയ വെങ്ങാനൂരിൽ 14-ന് ജാഥ സമാപിക്കും. കേരളത്തിൽ മഹാത്മാഗാന്ധി സന്ദർശിച്ച 147 സ്ഥലങ്ങൾ ഉൾപ്പെടെ സന്ദർശിക്കും.

ഗാന്ധിദർശൻ സമിതി സംസ്ഥാന ഭാരവാഹികളായ 11 പേർ പങ്കെടുക്കുന്ന ജാഥ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുകയെന്ന് പ്രസിഡന്റ് വി.സി.കബീർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വിവിധ സ്വീകരണ പരിപാടികളിൽ എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ജാഥയുടെ സംഘാടകസമിതി രൂപവത്കരണം ശനിയാഴ്ച പയ്യന്നൂരിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ ജില്ലാ പ്രസിഡന്റ് കെ.ഭാസ്കരൻ, ഇ.ബാലകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.