കാസർകോട്: ദുരന്തനിവാരണ പരിശീലനത്തിനിടെ മൂന്നുനില കെട്ടിടത്തിനുമുകളിൽനിന്ന് വീണ് പരിക്കേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന പോലീസ് ഓഫീസറുടെ അനുഭവമാണിത്. കൃത്യമായി ലഭിച്ച പ്രഥമശുശ്രൂഷയാണ് ഇന്നും ചുറുചുറുക്കോടെ ജോലിചെയ്യാൻ സഹായിക്കുന്നതെന്ന് ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐ. പി.വി.മധുസൂദനൻ (51) പറയുന്നു.

കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയായ മധുസൂദനന് 2005 മാർച്ച് 27-ന് വൈകിട്ട് മൂന്നിനാണ് അപകടം സംഭവിച്ചത്. എ.ആർ.ക്യാമ്പ് അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിൽ നിന്നാണ് കയറുപൊട്ടി വീണത്. അന്ന് ഹെഡ് കോൺസ്റ്റബിളായിരുന്നു മധു. പോലീസുമായി ചേർന്ന് സായി ട്രസ്റ്റ് സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലന ക്യാമ്പിനിടെയായിരുന്നു അപകടം.

ദുരന്തമുണ്ടായാൽ ബഹുനില കെട്ടിടങ്ങൾക്കു മുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് എങ്ങനെയെന്നതിലായിരുന്നു പരിശീലനം. രാവിലെ തുടങ്ങിയ പരിശീലനത്തിനുശേഷം ഉച്ചയോടെയാണ് പ്രായോഗിക ക്ലാസ് തുടങ്ങിയത്. കസേരക്കെട്ടിൽ (ചെയർനോട്ട്) പലരെയും താഴെയിറക്കിയശേഷം കൂടുതൽ പരിക്കുപറ്റി സ്ട്രക്ചറിൽ കിടക്കുന്നയാളെ എങ്ങനെ കെട്ടിടത്തിനുമുകളിൽനിന്ന് താഴെയിറക്കുമെന്ന പരിശീലനത്തിനിടയിലാണ് കയർ പൊട്ടിയത്.

സ്ട്രക്ചറിൽ കിടത്തി ബെൽറ്റിട്ട ശേഷമാണ് കയറിലൂടെ ഇറക്കാൻ ശ്രമിച്ചത്. കയർ പൊട്ടിയതോടെ മധുവുമായി സ്ട്രക്ചർ തിരിഞ്ഞ് മറിഞ്ഞ് വീണു. കണ്ണടച്ച് തുറക്കുംമുൻപേ സ്ട്രക്ചർ മണ്ണ് തൊട്ടു. സ്ട്രക്ചറിന്റെ കാൽഭാഗമാണ് ആദ്യം നിലംതൊട്ടത്. അതുകൊണ്ട്‌ ഇടതുകാലിന്റെ എല്ലുകൾ തകർന്നു. നാല് വാരിയെല്ലുകൾ സ്ഥാനം തെറ്റി. ശരീരത്തിലെ ഞരമ്പുകൾ പലയിടത്തും വലിഞ്ഞു. മധു ബോധരഹിതനായി.

ദുരന്തം നേരിടുന്നതിനുള്ള പരിശീലനത്തിനിടെ പ്രതീക്ഷിക്കാതെ അപകടമെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ, ഞൊടിയിടപോലും പാഴാക്കാതെ സ്ട്രക്ചറിൽ കിടക്കുന്ന മധുവുമായി പോലീസ് വാഹനം കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് പാഞ്ഞു. അവിടെ പ്രഥമശുശ്രൂഷ നൽകി മംഗളൂരുവിലേക്ക് മാറ്റി. 180 ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് മധുസൂദനൻ തിരിച്ച് ജോലിയിൽ പ്രവേശിച്ചത്. സ്ട്രക്ചറിലെ ബെൽട്ടിൽ കുടുങ്ങിയും മറ്റും ഞരന്പുകൾക്കേറ്റ പരിക്ക്‌ ഇന്നും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്‌ മധുസൂദനൻ പറയുന്നു. ദീപയാണ് ഭാര്യ. അനഘ, ആദിത്യ എന്നിവർ മക്കളാണ്.