കിഴക്കമ്പലം: രാവിലെ നടക്കാനിറങ്ങിയ രണ്ടു സ്ത്രീകൾ, രോഗിയുമായി ആശുപത്രിയിലേക്കു പോയ കാറിടിച്ച് മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 5.45-ന് പഴങ്ങനാട് ഷാപ്പുംപടിയിലാണ് സംഭവം.

പുലർച്ചെ നടക്കാനിറങ്ങിയ കിഴക്കമ്പലം 16-ാം വാർഡ് മാളേക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ സുബൈദ കുഞ്ഞുമുഹമ്മദ് (46), പൊയ്യയിൽ നസീമ യൂസഫ് (47) എന്നിവരാണ് കാറിടിച്ച് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന രോഗി, പുക്കാട്ടുപടി വിചിത്രയിൽ ഡോ. സ്വപ്ന ലാൽജിയെ (50) ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഡോ. സ്വപ്നയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് ലാൽജി പുക്കാട്ടുപടിയിലെ വീട്ടിൽ നിന്ന് പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. വളവിൽവച്ച് എതിരേ ഇരുചക്രവാഹനം വന്നതു കണ്ടപ്പോൾ, നിയന്ത്രണം വിട്ട കാർ പ്രഭാത സവാരിക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ നിർത്താതെ പോയി.

ആശുപത്രിയിൽ എത്തിയശേഷം അവിടെനിന്ന് അപകടസ്ഥലത്തേക്ക് ആംബുലൻസ് അയച്ചെങ്കിലും പരിക്കേറ്റവരെ അതിനകംതന്നെ നാട്ടുകാർ ആശുപത്രിയെത്തിച്ചു. എങ്കിലും ഇരുവരുടെയും ജാവൻ രക്ഷിക്കാനായില്ല.

കാറിലുണ്ടായിരുന്ന ഡോ. സ്വപ്നയെ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽ പ്രഭാതനടത്തക്കാരായ മറ്റു രണ്ട് സ്ത്രീകൾക്കും ഗുരുതര പരിക്കേറ്റു. പഴങ്ങനാട് കൂണാമ്പറമ്പിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ ബീവി (50), ബ്ലായിപറമ്പിൽ സമദിന്റെ ഭാര്യ സാജിത (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ് പരിശോധനയും ഇൻക്വസ്റ്റും പൂർത്തിയാക്കി മൃതദേഹങ്ങൾ ഉച്ചയോടെ കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ച സുബൈദയുടെ ഭർത്താവ്: കുഞ്ഞുമുഹമ്മദ്. മക്കൾ: അസ്ലം, ഫാത്തിമ, സുൾഫത്ത്.

മരിച്ച നസീമ എടത്തല കെ.എം.ഇ.എ. കോളേജ് ജീവനക്കാരിയാണ്. ഭർത്താവ്: യൂസഫ്. മക്കൾ: ഷാഹിർ, ഷഹന, സാദത്ത്.

ഡോ. സ്വപ്ന പുക്കാട്ടുപടിയിൽ ഹോമിയോ ഡിസ്പെൻസറി നടത്തുകയാണ്. ഭർ‌ത്താവ്: ലാൽജി എൻജിനീയറാണ്. മക്കൾ: ലാൽ കൃഷ്ണ, മാളവിക.

മരിച്ച നസീമയുടെയും സുബൈദയുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി കുഴിവേലിപ്പടി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഡോ. സ്വപ്നയുടെ സംസ്കാരം ഞായറാഴ്ച.