ആലപ്പുഴ: സി.പി.എം. നിയന്ത്രണത്തിലുള്ള സ്കൂളിൽ 1.63 കോടി രൂപയുടെ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് നേതാക്കൾക്കെതിരേ നടപടി. മുൻ ദേവസ്വം ബോർഡംഗവും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ. രാഘവനെ ജില്ലാക്കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂളിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ചാരുംമൂട് മുൻഏരിയസെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന കെ. മനോഹരനെ പാർട്ടിയിൽനിന്ന്‌ സസ്പെൻഡ്‌ ചെയ്തു. ചാരുംമൂട് ഏരിയ സെന്ററിൽ പ്രവർത്തിച്ചിരുന്ന ജി. രഘുവിനെ ലോക്കൽ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.

ശനിയാഴ്ച സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽച്ചേർന്ന യോഗത്തിലാണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. സംസ്ഥാന സമിതിയുടെ അനുമതിയോടെമാത്രമേ നടപടി വിവരങ്ങൾ പാർട്ടി ഔദ്യോഗികമായി പുറത്തുവിടൂ.

സ്കൂളിൽ നിയമനം നടത്തിയപ്പോൾ ലഭിച്ച 1.63 കോടി രൂപ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇത് ചാരുംമൂട് ഏരിയകമ്മിറ്റിയുടെ ആവശ്യങ്ങൾക്കായി ചെലവഴിച്ചു എന്നാണ് നേതാക്കൾ മറുപടി നൽകയത്. എന്നാൽ, അന്വേഷണക്കമ്മിഷൻ ഇതു തള്ളി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.എച്ച്. ബാബുജാൻ, എ. മഹീന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന കമ്മിഷനാണ് അന്വേഷിച്ച്‌ റിപ്പോർട്ട് നൽകിയത്. സംസ്ഥാനകമ്മിറ്റിയംഗം ജി. സുധാകരന്റെ വിശ്വസ്തനായാണ് കെ. രാഘവൻ അറിയപ്പെടുന്നത്. ജില്ലാനേതൃത്വത്തിലെ ജി. സുധാകരൻപക്ഷക്കാരെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നത്. ശനിയാഴ്ചചേർന്ന യോഗത്തിൽ ജി. സുധാകരനും കെ. രാഘവനും പങ്കെടുത്തിരുന്നില്ല.