ആലപ്പുഴ: തീരദേശമേഖല കേന്ദ്രീകരിച്ചുനടന്ന അവയവ വിൽപ്പനയെക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും അന്വേഷിക്കും. ജില്ലാ പോലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ എ. അലക്സാണ്ടർ നിർദേശം നൽകി. മാതൃഭൂമി വാർത്തയെത്തുടർന്നാണു നടപടി. അവയവ വിൽപ്പനയ്ക്ക് തീരദേശജനതയെ പ്രേരിപ്പിച്ച കാരണങ്ങൾ കണ്ടെത്താൻ സാമൂഹിക നീതിവകുപ്പിനെക്കൊണ്ടും പഠനങ്ങൾ നടത്തിക്കും.

അവയവവിൽപ്പന സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതരിൽനിന്നും പോലീസിൽനിന്നും കളക്ടർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളിലെ തീരദേശമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു അവയവവിൽപ്പന.

തീരദേശ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് അവയവവിൽപ്പന സംഘങ്ങൾ പ്രവർത്തിച്ചത്. 22 പേരാണ് അവയവങ്ങൾ വിറ്റത്. ഇതിലേറെയും സ്ത്രീകളായിരുന്നു.

ബോധവത്കരണം നടത്താൻ ഗ്രാമപ്പഞ്ചായത്ത്

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ തീരദേശമേഖല കേന്ദ്രീകരിച്ചുനടക്കുന്ന അവയവവിൽപ്പന സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങളുമായി ഗ്രാമപ്പഞ്ചായത്ത്. ഇതിനുള്ള ഒരുക്കം തുടങ്ങിയതായി അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത പറഞ്ഞു. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിലെ തീരദേശമേഖല കേന്ദ്രീകരിച്ച് 2015 മുതലാണ് അവയവവിൽപ്പന വ്യാപകമായത്. പഞ്ചായത്തിലെ 14-ാം വാർഡിൽനിന്നാണ് ഏറ്റവുമധികം വൃക്കവിൽപ്പന നടന്നിരിക്കുന്നത്. 14 പേർ ഇതേ വാർഡിൽനിന്നുമാത്രം വൃക്കവിൽപ്പന നടത്തി. വിൽപ്പന നടത്തിയവരെ കണ്ടെത്തി ബോധവത്കരിക്കാനാണു ലക്ഷ്യമിടുന്നത്. ഒരേവാർഡിൽനിന്നുമാത്രം ഇത്രയുംപേർ കൂട്ടമായി അവയവവിൽപ്പന നടത്തിയതാണു ഞെട്ടലുണ്ടാക്കിയത്.