ആലപ്പുഴ: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനം സംസ്ഥാനത്ത് കുറയുന്നു. കേരള അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ വർഷം ഇതുവരെ നൽകാനായത് 16 അവയവങ്ങൾ മാത്രമാണ്. 2,776 രോഗികൾ അവയവങ്ങൾക്കായി കാത്തിരിക്കുമ്പോഴാണിത്.

അവയവദാനത്തിലെ ഇടിവ് വൃക്ക, കരൾ രോഗികളെയാണു കൂടുതൽ ബാധിക്കുന്നത്. സംസ്ഥാനത്ത് വൃക്കയ്ക്കായിമാത്രം കാത്തിരിക്കുന്നത് 2,023 പേരാണ്. കരളിനായി 654 പേരും.

2014 മുതൽ 2016 വരെയുള്ള വർഷങ്ങളിലാണു മൃതസഞ്ജീവനിയിലൂടെ കൂടുതൽരോഗികൾക്ക് അവയവങ്ങൾ ലഭിച്ചത്. മൂന്നുവർഷംകൊണ്ട്‌ 573 അവയവങ്ങളാണു നൽകിയത്. 2015-ൽ മാത്രം 218 അവയവങ്ങൾ നൽകി. 2017 മുതലാണ് അവയവദാനത്തിൽ ഇടിവുണ്ടായത്. 2017-ൽ 60, 2018-ൽ 29, 2019-55 എന്നിങ്ങനെയായി അവയവദാനം കുറഞ്ഞു.

2017-ൽ മസ്തിഷ്കമരണ നിർണയത്തെച്ചൊല്ലി വിവാദമുയർന്നതാണ് അവയവദാനത്തിന് വലിയ തിരിച്ചടിയായത്. മാനദണ്ഡങ്ങൾ പാലിക്കാതെ മസ്തിഷ്കമരണം പ്രഖ്യാപിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു. സ്വകാര്യ ആശുപത്രികളും അന്ന് പ്രതിക്കൂട്ടിലായിരുന്നു. വിവാദത്തെത്തുടർന്ന് മസ്തിഷ്കമരണ നിർണയത്തിന് സർക്കാർ പുതിയ നിബന്ധനകൾ കൊണ്ടുവന്നു. ഇതോടെ മസ്തിഷ്ക മരണത്തിൻറെ എണ്ണം ഗണ്യമായി കുറഞ്ഞു. ലോക്ഡൗണിൽ അപകടങ്ങൾ കുറഞ്ഞതും മസ്തിഷ്ക മരണങ്ങൾ കുറയാൻ കാരണമായി. 2018-ൽ പത്തിൽത്താഴെ മസ്തിഷ്ക മരണമാണ് റിപ്പോർട്ടു ചെയ്തത്. 2020-ൽ 19-ഉം 2021-ൽ 21 -ഉം മസ്തിഷ്കരണം റിപ്പോർട്ടുചെയ്തു. ഈ വർഷം അത് ആറായിച്ചുരുങ്ങി.

അയവങ്ങൾക്കായി കാത്തിരിക്കുന്നവർ

വൃക്ക 2,023

കരൾ 654

ഹൃദയം 49

കൈ 10

പാൻക്രിയാസ് 3

ചെറുകുടൽ 1

മറ്റവയവങ്ങൾ 36