തിരുവനന്തപുരം: മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക്‌ പ്ലസ്‌വൺ പ്രവേശനം ലഭിക്കാത്തതിന്റെ പേരിൽ നിയമസഭയിൽ തിങ്കളാഴ്ചയും പ്രതിപക്ഷം പ്രതിഷേധമുയർത്തി. സബ്മിഷനിലൂടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് പ്രശ്നം വീണ്ടും സഭയിലെത്തിച്ചത്. രണ്ടാം അലോട്ട്മെന്റ് പൂർത്തിയാക്കി ഈ മാസം 23-നുശേഷം പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചെങ്കിലും പ്രതിപക്ഷം സഭ വിട്ടു.

പ്രതിസന്ധി മുൻപ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രശ്നം പരിഹരിക്കണമെന്ന് കൈകൂപ്പി ആവശ്യപ്പെടുകയാണെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഒറ്റയൂണിറ്റാക്കി ഉദ്യോഗസ്ഥർ തയ്യാറാക്കിയ കണക്കുമായാണ് മന്ത്രി ഇപ്പോഴും നിൽക്കുന്നത്. അടിയന്തരമായി താലൂക്ക് തലത്തിൽ പുതിയ ബാച്ചുകൾ ആരംഭിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നതെന്നും പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളംവെച്ചു.

സീറ്റ് ലഭ്യത സംബന്ധിച്ചു താലൂക്ക് തലത്തിൽ കണക്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 23-നുശേഷമേ കണക്കു ലഭിക്കുകയുള്ളുവെന്നും ശിവൻകുട്ടി അറിയിച്ചു. ഇനി 85,316 പേർക്കാണ് പ്രവേശനം ലഭിക്കാനുള്ളതെന്നും രണ്ടാം അലോട്ട്‌മെന്റിൽ 69,642 പേർക്ക് പ്രവേശനം ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

അൻവർസാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളിൽ, പി.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങിയതോടെ ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റ് പ്രതിഷേധം ഉയർത്തി.

സബ്മിഷനുശേഷം സതീശൻ പ്രസംഗിക്കുന്നതിനെ ഭരണപക്ഷവും ചോദ്യംചെയ്തു. ഇതു വോക്കൗട്ട് പ്രസംഗമാണെന്നും സബ്മിഷൻ അവതരിപ്പിക്കുമ്പോൾ നിയമസഭയിൽ ഇറങ്ങിപ്പോക്ക് നടത്തിയ കീഴ്‌വഴക്കം ഉണ്ടെന്നും സതീശൻ പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്ന്‌ അറിയിച്ചിട്ടും മുൻകൂട്ടി തീരുമാനിച്ചപോലെ പ്രതിപക്ഷം പെരുമാറിയെന്നും ഇതിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും ശിവൻകുട്ടിയും ആരോപിച്ചു.