തിരുവനന്തപുരം: ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ നേപ്പാൾ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി.

സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചതായി കമ്മിഷന് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കത്തുനൽകിയിരുന്നു. കത്തിന്മേൽ, ബാലാവകാശ കമ്മിഷൻ സ്വമേധയാ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർനടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും നിർദേശം നൽകി.

പീഡിപ്പിക്കപ്പെട്ട കുട്ടിയും സാക്ഷിയും നേപ്പാൾ സ്വദേശികളാണ്. ഇന്ത്യൻ എംബസിയുടെ സഹായത്തിന് പബ്ളിക് പ്രോസിക്യൂട്ടർക്ക് ഹർജിനൽകാം. നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ പ്രത്യേകസംഘം രൂപവത്കരിക്കാം. കോടതി നിർദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകാൻ കോഴിക്കാട് കളക്ടറും ജില്ലാ ബാലസംരക്ഷണ ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം അറിയിക്കാനും കമ്മിഷൻ അംഗം ബി. ബബിത ഉത്തരവിൽ നിർദേശിച്ചു.