തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്‌കൂൾതലത്തിലും ആസൂത്രണം വേണം.

കൃത്യമായ മോണിറ്ററിങ്‌ സംവിധാനവും പ്രവർത്തന ഏകോപനവും നടക്കുന്നുവെന്നും ബന്ധപ്പെട്ട എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ടെന്നും തദ്ദേശഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. സ്കൂൾ പി.ടി.എ.കളും എസ്.എം.സി. എക്സിക്യുട്ടീവ് യോഗങ്ങളും അധ്യാപക, വിദ്യാർഥി, ബഹുജന സംഘടനകളുടെ യോഗങ്ങളും വിളിച്ചുചേർക്കണം.

ആരോഗ്യസുരക്ഷാ നടപടികൾ നടപ്പാക്കാനും നിരീക്ഷിക്കാനും സ്കൂൾ ആരോഗ്യനിരീക്ഷണസമിതി രൂപവത്കരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.