തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക വ്യാഴാഴ്ചമുതൽ സ്വീകരിക്കും. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും.
തദ്ദേശസ്ഥാപനത്തിലെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ പത്രിക നൽകാം. വ്യാഴംമുതൽ 19 വരെ രാവിലെ 11-നും ഉച്ചയ്ക്കുശേഷം മൂന്നിനുമിടയ്ക്ക് പത്രിക നൽകാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. അവധിദിവസങ്ങളിൽ സ്വീകരിക്കില്ല. പത്രിക നൽകാനെത്തുന്നവരോടൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ക്വാറന്റീനിലുള്ളവരും കൺടെയ്ൻമെന്റ് സോണിലുള്ളവരും മുൻകൂർ അനുമതി തേടണം. കോവിഡ് ബാധിതർക്ക് നിർദേശകൻ മുഖേന പത്രിക നൽകാം.
പത്രികയോടൊപ്പം സ്ഥാനാർഥികൾ 2എ ഫോറം പൂരിപ്പിച്ച് നൽകണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിർദേശങ്ങളുടെ പട്ടികയോടൊപ്പം ഫോറവും വരണാധികാരികൾ പ്രസിദ്ധപ്പെടുത്തും. ഒരു തദ്ദേശസ്ഥാപനത്തിൽ മത്സരിക്കുന്ന വ്യക്തി ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയാകണം. അതേ വാർഡിലെ വോട്ടർക്കേ നാമനിർദേശം ചെയ്യാനാവൂ. സംവരണ വാർഡിൽ മത്സരിക്കുന്നവർ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വില്ലേജ് ഓഫീസറുടെ ജാതിസർട്ടിഫിക്കറ്റ് വേണം.
സ്ഥാനാർഥികൾക്ക് ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാർഡുകളിൽ മത്സരിക്കാനാവില്ല. ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാൻ തടസ്സമില്ല. സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപ്പഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും ജില്ലാപഞ്ചായത്തിനും കോർപ്പറേഷനും 3000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പകുതി തുക മതി.
ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയതിന്റെ രസീത് ഹാജരാക്കുകയോ പണമായി നൽകുകയോ ചെയ്യാം.