തിരുവനന്തപുരം: കേരള സർവകലാശാലാവകുപ്പുകളിലെ അധ്യാപകനിയമനങ്ങളിൽ സംവരണക്രമം പാലിക്കുന്നത് സംബന്ധിച്ച സർവകലാശാലാ നിയമഭേദഗതിയും ഹൈക്കോടതി സിംഗിൾ െബഞ്ച് റദ്ദാക്കി. 2017-ലെ കേരള സർവകലാശാല അധ്യാപകനിയമന വിജ്ഞാപനം റദ്ദാക്കിയ ഉത്തരവിലാണ് വിജ്ഞാപനത്തിന് കാരണമായ നിയമഭേദഗതിയും റദ്ദാക്കിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ക്ലറിക്കൽ പിശകുകളെത്തുടർന്ന് പുതുക്കി അപ്‌ലോഡ്ചെയ്ത വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമഭേദഗതി റദ്ദാക്കിയതോടെ അതിന്റെ അടിസ്ഥാനത്തിൽ വിവിധ സർവകലാശാലാ വകുപ്പുകളിൽ നടന്ന അധ്യാപക നിയമനങ്ങളും റദ്ദാക്കപ്പെടും.

സർവകലാശാലയിലെ വിവിധ വകുപ്പുകളെ ഒറ്റയൂണിറ്റായിക്കണ്ട് സംവരണതസ്തികകൾ നിശ്ചയിക്കാമെന്നതിന് 2014-ലാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഭേദഗതി വന്നതിനുപിന്നാലെ ഇക്കാര്യത്തിൽ യു.ജി.സി.യുടെ മാർഗനിർദേശങ്ങളും വന്നു. ഇവയൊക്കെ കണക്കിലെടുത്താണ് 2017-ൽ കേരള സർവകലാശാല അധ്യാപകനിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, വിജ്ഞാപനം ഭരണഘടനാവിരുദ്ധവും സുപ്രീംകോടതിയുടെ ഉത്തരവുകൾ ലംഘിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. കേസ് നടക്കുന്നതിനിടെ 58 അധ്യാപകർക്ക് കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ നിയമനവും ലഭിച്ചു. കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിട്ടാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടാണ് സർവകലാശാലയുടെ ഈ വിജ്ഞാപനവും വിജ്ഞാപനത്തിന് കാരണമായ നിയമഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയത്.

വിവിധ സർവകലാശാലകളിലായി ഇരുന്നൂറോളം അധ്യാപകനിയമനങ്ങൾ ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട്, കണ്ണൂർ, കാലടി സർവകലാശാലകളിൽനടന്ന നിയമനങ്ങൾ സംബന്ധിച്ച ഹർജികൾ കോടതിയുടെ പരിഗണനയിലുമാണ്.