കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. വാക്സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രതാപോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേ എന്നും ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് എം.ആർ.അനിതയുമടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.

ഇക്കാര്യത്തിൽ വെള്ളിയാഴ്ച നിലപാടറിയിക്കാൻ സർക്കാരിനോട് നിർദേശിച്ചു. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം കല്ലുവഴി സ്വദേശിയും റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനുമായ ടി.പി.പ്രഭാകരൻ ഫയൽചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.