കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പിൽ കനത്തപരാജയം ഏറ്റുവാങ്ങിയിട്ടും കോൺഗ്രസിനെ ഇരുട്ടിൽനിർത്തി മുന്നോട്ടുപോകുന്ന നേതൃത്വത്തിനുനേരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കോൺഗ്രസിനെ രക്ഷിക്കാൻ കമ്മിറ്റികളിൽ പൊളിച്ചെഴുത്താവശ്യപ്പെട്ട് ഗ്രൂപ്പ് ഭേദമെന്യേയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.

തെറ്റുതിരുത്തലിന്റെ ഭാഗമായി അച്ചടക്കനടപടികൾ വേഗത്തിൽ വേണമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിലെ ഒരു വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ജില്ലാപ്രസിഡന്റുമാരും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാരവാഹികളാണ് സോണിയാഗാന്ധിക്ക്‌ പരാതിനൽകിയത്.

തെറ്റുതിരുത്തലിന്റെ ഭാഗമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സനെയും അടിയന്തരമായി മാറ്റണം. പകരം പുതിയവരെ കണ്ടെത്തണം. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും കമ്മിറ്റികളും പൊളിച്ചെഴുതണം. കെ.പി.സി.സി.യുടെ ജംബോകമ്മിറ്റി പിരിച്ചുവിടണം. ഡി.സി.സി.കളും ഉടച്ചുവാർക്കണം. യൂത്ത് കോൺഗ്രസ്, കെ.എസ്.യു., ഐ.എൻ.ടി.യു.സി. തുടങ്ങിയ പോഷക സംഘടനകളുടെ കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി ഉണ്ടാക്കണം. ബൂത്ത്തലം മുതൽ എല്ലാം കെട്ടിപ്പടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പരാതിനൽകിയതിൽ പങ്കില്ലെന്ന് ചില ഭാരവാഹികൾ വ്യക്തമാക്കി. സംഘടന ഔദ്യോഗികമായി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ഇവർ പറഞ്ഞു.