തിരുവനന്തപുരം: പാലാ സീറ്റ് കേരള കോൺഗ്രസിനെന്ന് ഏതാണ്ടുറപ്പിച്ചതോടെ എൻ.സി.പി. രണ്ടുവഴി പിരിയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എൻ.സി.പി.യിലെ ഇരുഭാഗത്തുനിന്നുമുള്ള എ.കെ. ശശീന്ദ്രനുമായും മാണി സി. കാപ്പനുമായും പ്രത്യേകം നടത്തിയ ചർച്ചയിലും പിന്നീട് ശശീന്ദ്രനും കാപ്പനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ധാരണയായില്ല. നിർണായക തീരുമാനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് കാപ്പനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സൂചന.

ഒരുമിച്ചുപോകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ശശീന്ദ്രന്റെ ഓഫീസിലെത്തി കാപ്പൻ അദേഹത്തെ കണ്ടത്. കേരള കോൺഗ്രസിന് പാലാ സീറ്റ് വിട്ടുനൽകാനാകില്ലെന്ന് ഇരുചർച്ചകളിലും കാപ്പൻ നിലപാടെടുത്തു. പുതിയ പാർട്ടികൾവന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തെ സീറ്റുകളിൽതന്നെ ഉറച്ചുനിൽക്കാനാകില്ലെന്നുള്ള നിലപാട് ശശീന്ദ്രനുമെടുത്തു. സീറ്റ് ദാനംചെയ്ത് മുന്നണിയിൽ തുടരാനാകില്ലെന്ന നിലപാട് കാപ്പനെടുത്തതോടെ താൻ മുന്നണി വിടാനില്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കി.

പവാറോ പ്രഫുൽ പട്ടേലോ എത്തും

പിളർപ്പിന്റെ വക്കിലെത്തിയ എൻ.സി.പി.യിലെ തർക്കപരിഹാരത്തിനായി ദേശീയ അധ്യക്ഷൻ ശരദ്‌പവാറോ മുതിർന്ന നേതാവ് പ്രഫുൽപട്ടേലോ എത്തും. സീറ്റ് ബലികഴിച്ച് മുന്നണിയിൽ തുടരേണ്ടതില്ലെന്ന നിലപാടാണ് എൻ.സി.പി. ദേശീയനേതൃത്വത്തിന്. അതുകൊണ്ടുതന്നെ പിളർപ്പുണ്ടായാൽ കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരമുള്ള വിഭാഗമായിരിക്കും ഔദ്യോഗിക കക്ഷി.

പാലായ്ക്കും കാഞ്ഞിരപ്പള്ളിക്കും രണ്ടു നിയമമോ ?

ഘടകകക്ഷികളുടെ സീറ്റുകളിൽ പാലായ്ക്കും കാഞ്ഞിരപ്പള്ളിക്കും രണ്ടു നിയമമാകുന്നത് എങ്ങനെയെന്ന് എൻ.സി.പി. നേതാക്കൾ ചോദിക്കുന്നു. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് എന്ന നിലയിൽ വിട്ടുകൊടുക്കണമെന്ന് സി.പി.ഐ.യോട് നിർദേശിച്ചിരിക്കയാണ്. പാലാ എൻ.സി.പി.യുടെ സിറ്റിങ് സീറ്റാണ്. അത് തോറ്റവർക്കായി വിട്ടുനൽകണമെന്നത് എങ്ങനെ ന്യായീകരിക്കുമെന്ന് അവർ ചോദിക്കുന്നു.

പവാറിനെ അറിയിക്കും -ടി.പി. പീതാംബരൻ മാസ്‌റ്റർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങൾ എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ്‌പവാറിനെ ധരിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

പാലായുടെ പേരിൽ പാർട്ടി പിളരില്ല. പാലാ കേരള കോൺഗ്രസിന് കൊടുക്കാൻ മുന്നണിക്ക് കഴിയില്ല. അദ്ദേഹം പറഞ്ഞു.