തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകളിൽ മാർക്കറ്റ് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്താൻ പോലീസ് ഉന്നതതലയോഗം തീരുമാനിച്ചു.

മാർക്കറ്റുകളിൽ കടകൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തും. ഇവിടെ ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കും. നിലവിൽ തൃശ്ശൂർ നഗരത്തിൽ ഈ സംവിധാനമുണ്ട്.

കൊല്ലം റൂറലിലെ മാതൃകയിൽ മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ രൂപവത്കരിക്കും. കൊല്ലം സിറ്റിയിൽ നിലവിലുള്ള ക്ലോസ്ഡ് ഗ്രൂപ്പ് സംവിധാനം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കും. സാമൂഹികാകലം പാലിക്കൽ സംസ്ഥാനത്തു കൃത്യമായി നടപ്പാക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. തിരുവനന്തപുരം നഗരം, റൂറൽ, ആലപ്പുഴ, മലപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ പരിഗണന നൽകും.

ജനങ്ങളുടെ സഹകരണത്തോടെയുള്ള നിരീക്ഷണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജനമൈത്രി പോലീസിനെ വിനിയോഗിക്കും. വീട്ടമ്മമാർ, ചെറുപ്പക്കാർ, റസിഡൻറ്‌സ്‌ അസോസിയേഷനുകൾ, അംഗങ്ങൾ എന്നിവരുമായി ചേർന്നു പദ്ധതികൾ നടപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.