കൊണ്ടോട്ടി: കരിപ്പൂരിലെ വിമാനാപകടത്തിന് കാരണങ്ങളിലൊന്ന് റൺവേയിൽ അടിഞ്ഞുകൂടുന്ന റബ്ബർ നീക്കാത്തതാണെന്ന ആരോപണം കഴമ്പില്ലാത്തത്. ഇതിനുള്ള യന്ത്രം ഒരുവർഷം മുൻപുതന്നെ കരിപ്പൂരിൽ എത്തിയിട്ടുണ്ട്.

2019 ഫെബ്രുവരിയിലാണ് ‘റബ്ബർ ഡെപ്പോസിറ്റ് റിമൂവൽ മെഷീൻ’ വിമാനത്താവള അതോറിറ്റി കരിപ്പൂരിന് നൽകിയത്. അത് ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.

വിമാനങ്ങൾ ഇറങ്ങുമ്പോൾ ടയറുകൾ ഉരഞ്ഞ് റൺവേയിൽ പറ്റിപ്പിടിക്കുന്ന റബ്ബർ റൺവേ മിനുസപ്പെടുത്തും. റൺവേയുടെ ഘർഷണം കുറച്ച് വിമാനത്തിന്റെ ബ്രേക്കിങ് സംവിധാനത്തെ ബാധിക്കും. ഇതുവഴി വിമാനം തെന്നുന്നതിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകും. ഇതു മുൻനിർത്തിയാണ് കരിപ്പൂരിനെതിരേ പ്രചാരണം ദേശീയതലത്തിൽ കൊഴുക്കുന്നത്.

അതേസമയം, വിമാനങ്ങൾ ഇറങ്ങുന്നത് റൺവേയുടെ തുടക്കത്തിലായതിനാൽ ആ ഭാഗങ്ങളിലാണ് റബ്ബർ അടിഞ്ഞുകൂടുക. വെള്ളിയാഴ്ച രാത്രി അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് ദുബായ് വിമാനം റൺവേയിൽ 1200 മീറ്ററോളം മുന്നിലാണ് നിലംതൊട്ടത്. വെള്ളിയാഴ്ച രാവിലെ റൺവേയുടെ ഘർഷണ പരിശോധനയും നടന്നതായി വിവരമുണ്ട്.

മൂന്നേകാൽകോടി രൂപ വിലമതിക്കുന്ന റബ്ബർ ഡെപ്പോസിറ്റ് റിമൂവൽ മെഷീൻ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താണ് വിമാനത്താവള അതോറിറ്റി കരിപ്പൂരിന് കൈമാറിയത്.