കോന്നി (പത്തനംതിട്ട): വനംവകുപ്പിൽ റേഞ്ച്‌ ഓഫീസർമാരുടെ നേരിട്ടുള്ള നിയമനം നടക്കാതായിട്ട് എട്ടുവർഷം. 205 ഫോറസ്റ്റ് റേഞ്ച്‌ ഓഫീസർ തസ്തികകളുള്ള സംസ്ഥാന വനംവകുപ്പിൽ 2012-ന് മുമ്പാണ് നേരിട്ടുള്ള നിയമനം നടന്നത്. നിലവിൽ ഭൂരിപക്ഷംപേരും പ്രൊമോഷനിലൂടെ എത്തിയവരാണ്.

ഫോറസ്റ്റ് റേഞ്ച്‌ ഓഫീസർ തസ്തികയിലെ ഒഴിവ് നികത്തുന്നത് പല രീതിയിലാണ്. ബി.എസ്‌സി. ഫോറസ്ട്രി ബിരുദം നേടിയവർ, ബി.എസ്‌സി. സയൻസ് ബിരുദവും എൻജിനീയറിങ്‌ ബിരുദവുമുള്ളവർ എന്നിവരിൽനിന്ന്‌ പി.എസ്.സി.യാണ് പരീക്ഷയ്ക്കുശേഷം നിയമനം നടത്തേണ്ടത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവർക്കുള്ള ക്വോട്ടാ വഴിയും പി.എസ്.സി. മുഖേന നിശ്ചിത എണ്ണം നിയമനം നടക്കുന്നു. ആറ് പേപ്പറിന്റെ എഴുത്തുപരീക്ഷ, 25കിലോമീറ്റർ നടത്തം, അഭിമുഖം എന്നിവ റേഞ്ച്‌ ഓഫീസർ പരീക്ഷയിലുണ്ട്.

ഡെപ്യൂട്ടി റേഞ്ചർമാരുടെ പ്രൊമോഷനാണ് ഒഴിവ് നികത്തുന്നതിനുള്ള മറ്റൊരുവഴി. ഇവർക്ക് 51 തസ്തികകൾക്കേ

അർഹതയുള്ളൂവെങ്കിലും ഇപ്പോൾ 125 റേഞ്ച്‌ ഓഫീസർ തസ്തികകളിൽ ഇവരാണ് ജോലിചെയ്യുന്നത്. വകുപ്പുതലത്തിൽ മിനിസ്റ്റീരിയൽ സ്റ്റാഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവർക്ക് പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്.

102 റേഞ്ച്‌ ഓഫീസർമാരെ നിയമിക്കാൻ നടപടികൾ പൂർത്തിയാകുന്നു

റേഞ്ച്‌ ഓഫീസർ തസ്തികയിലെ ഒഴിവുകൾ യഥാസമയം പി.എസ്.സി.യെ അറിയിക്കുന്നുണ്ട്. അവരാണ് തുടർനടപടി സ്വീകരിക്കേണ്ടത്. 2019-ൽ എഴുത്തുപരീക്ഷ കഴിഞ്ഞു. കായിക പരിശീലനവും അഭിമുഖവും പൂർത്തിയായിട്ടുണ്ട്. സെപ്റ്റംബറോടെ 102പേർക്ക് നേരിട്ട് നിയമനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-ഫോറസ്റ്റ് ഹെഡ്‌ക്വോർട്ടേഴ്‌സ് അധികൃതർ.