കോട്ടയം: ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമഗ്രമായി ക്രോഡീകരിക്കാൻ റവന്യൂ വകുപ്പിന്റെ വെബ് പോർട്ടൽ പരിഷ്കരിച്ചു. വരുംവർഷങ്ങളിൽ പ്രളയമോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ ഓൺലൈനായി ഏകോപിപ്പിക്കാൻ പ്രാപ്തമായ തരത്തിലാണ് relief.revenue.kerala.gov.in എന്ന വെബ് പോർട്ടൽ പരിഷ്കരിച്ചിരിക്കുന്നത്.

2018, 2019 വർഷങ്ങളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സി.ഡിറ്റ് പോർട്ടൽ തയ്യാറാക്കിയത്. എന്നാൽ, ഇതിലെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരുന്നില്ല. ഇതിലെ കുറവുകൾ പരിഹരിച്ച് മാറ്റങ്ങൾ വരുത്തിയാണ് റിലീഫ് മാനേജ്മെൻറ് പോർട്ടൽ ആയി പരിഷ്കരിച്ചത്.

പുതിയ സംവിധാനങ്ങൾ

* ഡാമുകളിലെ ജലനിരപ്പ്, കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ എന്നിവ അറിയാം.

* ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വില്ലേജ് ഓഫീസർമാർക്ക് രേപ്പെടുത്താം. അന്തേവാസികളുടെ പേരുവിവരങ്ങൾ ചേർക്കാം.

* ദുരന്തബാധിതർക്ക് രക്ഷാസഹായം അഭ്യർഥിക്കാം.

* രക്ഷാപ്രവർത്തനത്തിന് താത്പര്യമുള്ളവർക്ക് സന്നദ്ധ സേവകരായി രജിസ്റ്റർ ചെയ്യാം.

* ദുരന്തങ്ങളിൽ മരിച്ചവർ, പരിക്കേറ്റവർ, കാണാതായവർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഡേറ്റാബേസ്.

* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകാനുള്ള ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

മെച്ചങ്ങൾ

* സഹായം തേടി ഫോണിലേക്ക് വിളിക്കുന്നതിന് പകരം സൈറ്റിലേക്ക് ആഡ് ചെയ്താൽ മതി.

* സഹായം വേണ്ടവരുടെ വിവരം ഒറ്റനോട്ടത്തിൽ സൈറ്റിൽ നോക്കിയാൽ അറിയാം.

* ഒാരോ താലൂക്കിലും വിവരം ശേഖരിച്ച് ഒന്നിച്ച് അയയ്ക്കുന്നതുംമറ്റും ഒഴിവാക്കാം.

* കാലാവസ്ഥാവിവരം ഒറ്റനോട്ടത്തിൽ.

* സഹായം കിട്ടാൻ അനർഹരെ തിരുകിക്കയറ്റുന്നത് ഒഴിവാക്കാം.മ