പീരുമേട്: വ്യാജ പ്രമാണങ്ങൾ ചമച്ച് പട്ടയങ്ങൾ നേടിയെടുത്ത ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് വാഗമൺ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വില്ലേജ് ഓഫീസർ കെ.വി.പ്രീതാകുമാരിയെയാണ് ദേവികുളത്തേക്ക് മാറ്റി കളക്ടർ ഉത്തരവിട്ടത്.

സർക്കാർ നിർദേശങ്ങൾ മറികടന്ന് നടക്കുന്ന നിർമാണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പീരുമേട് തഹസിൽദാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അനധികൃത നിർമാണം നടന്നിട്ടും വില്ലേജോഫീസർ ഇത് മറച്ചുവെച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് നടപടി.

വാഗമൺ റാണിമുടി എസ്റ്റേറ്റിനോട് ചേർന്ന് അന്പത്തിയഞ്ച് ഏക്കർ സ്ഥലത്തിന് വ്യാജ പേരുകളിൽ പട്ടയങ്ങൾ നേടിയെടുത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുകയാണ്. പട്ടയങ്ങളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. ഈ സ്ഥലങ്ങൾ മുറിച്ചുവിൽക്കുകയും ഇവിടെ കെട്ടിടങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്.

ഭൂമിയിൽ നേടിയെടുത്ത പതിനഞ്ച്‌ പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. മറ്റ്‌ പരാതികളിൽ വില്ലേജിൽപ്പെട്ട പതിനേഴ്‌ പട്ടയങ്ങൾകൂടി റദ്ദാക്കി. ഒപ്പം ഈ വസ്തുക്കളുടെ കരം സ്വീകരിക്കുന്നതും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും തടഞ്ഞുകൊണ്ട് താലൂക്ക്, വില്ലേജ് ഓഫീസുകൾക്ക് വകുപ്പ് നിർദേശം നൽകിയിരുന്നു. പുതിയ നിർമാണങ്ങൾക്ക് അനുമതി നൽകരുതെന്ന് പഞ്ചായത്ത് സെക്രട്ടറിക്കും റവന്യൂ വകുപ്പ് നിദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ മറികടന്ൻ പ്രദേശത്ത് നിർമാണങ്ങൾ നടക്കുന്നതാണ് പരാതികൾക്കിടയാക്കിയത്.