മട്ടന്നൂർ: കോവിഡ് കാലത്ത് വിദേശരാജ്യങ്ങളിൽനിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ കള്ളക്കടത്ത് വ്യാപകമാകുന്നു. രണ്ട് ദിവസങ്ങളിലായി കണ്ണൂർ വിമാനത്താവളം വഴിയെത്തിയ 18 പേരിൽ നിന്നായി 22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും 10 ലക്ഷം രൂപ വിലവരുന്ന 18 ആപ്പിൾ ഐ ഫോണുകളുമാണ് കസ്റ്റംസ് പിടികൂടിയത്‌.

എട്ട്, ഒമ്പത് തീയതികളിലായി കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവും മൊബൈൽ ഫോണും പിടികൂടിയത്. എട്ട്‌ യാത്രക്കാരിൽ നിന്നായി ക്രൂഡ് ചെയിൻ, വളകൾ എന്നിവയായാണ് സ്വർണം പിടികൂടിയത്. ദുബായിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്.

നികുതിയടയ്ക്കാതെ കടത്തുന്നതിനിടെയാണ് സ്വർണവും ഫോണുകളും പിടികൂടിയത്. നികുതിയടച്ചാൽ ഇവ വിട്ടുനൽകും. വലിയ അളവിലുള്ള സ്വർണക്കടത്ത് പിടികൂടിയാൽ സ്വർണമടക്കം സർക്കാരിലേക്ക് പോകുന്നതിനാൽ ചെറിയ കള്ളക്കടത്താണ് ഇപ്പോൾ കൂടുതൽ നടക്കുന്നത്.