കാസർകോട്: അപ്രതീക്ഷിതമായി പരീക്ഷ പ്രഖ്യാപിച്ച തമിഴ്‌നാട് ഡോ. എം.ജി.ആർ. മെഡിക്കൽ സർവകലാശാലയുടെ തീരുമാനത്തിൽ ആശങ്കയോടെ മലയാളി വിദ്യാർഥികൾ. സർവകലാശാലയുടെ കീഴിലെ ബി.ഡി.എസ്. രണ്ട്, മൂന്ന്, നാല് വർഷ വിദ്യാർഥികൾക്കുള്ള വാർഷികപരീക്ഷയാണ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചത്.

സാധാരണ ഒരുമാസം മുൻപേ പരീക്ഷയെപ്പറ്റി അറിയിപ്പ് ലഭിക്കുമെങ്കിലും ഇത്തവണ അത് ഉണ്ടായില്ല. ടൈംടേബിളും കിട്ടിയിട്ടില്ല. സർവകലാശാലയുടെ കീഴിലെ കോളേജുകളിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ള വിദ്യാർഥികളാണ്.

പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ഓഗസ്റ്റ്‌ 17-ന് കേളേജിൽ എത്തണം. പരീക്ഷാഫീസിനോടൊപ്പം കോവിഡ് പരിശോധനാഫലവും കൂടി കോളേജിൽ ഏൽപ്പിക്കണം. തുടർന്ന് 14 ദിവസം കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിൽ നിൽക്കണമെന്നുമാണ് സർവകലാശാലയുടെ നിബന്ധന. എന്നാൽ തങ്ങളുടെ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ നിൽക്കാനാവശ്യമായ സൗകര്യങ്ങളില്ലെന്നും വെള്ളംപോലും മോശമായ ഹോസ്റ്റലിൽ ഇത്രയും കുട്ടികളെ ഉൾപ്പെടുത്തി എങ്ങനെ നിരീക്ഷണം നടപ്പാക്കുമെന്നും വിദ്യാർഥികൾ ചോദിക്കുന്നു.

പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയ്ക്ക് കത്ത്‌ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. പരീക്ഷയ്ക്ക് എത്താൻ പറ്റിയില്ലെങ്കിൽ ഈ വർഷം നഷ്ടപ്പെടുമെന്നുമാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.