പിണറായി: തിരികെ കൊണ്ടുപോവാൻ ജർമനിയിലുള്ള മകന്റെ വരവും കാത്തിരിക്കുകയാണ് തളർന്ന ശരീരവുമായി ഇവിടെയൊരമ്മ. തീർത്തും അപരിചിതമായ നാട്, അറിയാവുന്ന ഭാഷയാവട്ടെ തമിഴും ജർമനും. ശാരീരിക അവശതയെക്കാൾ ഇപ്പോൾ ഇവരെ ഏറെ വേദനിപ്പിക്കുന്നത് ഉറ്റവരുടെ അസാന്നിധ്യമാണ്.

ശ്രീലങ്കയിൽ ജനിച്ച് പിന്നീട് ജർമനിയിൽ മകനോടൊപ്പം സ്ഥിരതാമസമാക്കിയ അരുന്ധവർസെ ജ്ഞാനാംബിഗൈ എന്ന 68-കാരിക്കാണ് ജീവിതസായാഹ്നത്തിൽ ഈ ദുരനുഭവം.

ഹൃദയശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട അരുന്ധവർസെ മകനോടൊപ്പം കേരളത്തിലെത്തിയത് കഴിഞ്ഞ ഡിസംബറിലാണ്. ജർമനിയിലെ കുടുംബസുഹൃത്തായ പിണറായി സ്വദേശി കെ.വി.മൃദുലിൽനിന്ന് ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞാണ് വന്നത്.

ചലനശേഷി പൂർണമായി നഷ്ടപ്പെട്ട അമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള മകന്റെ ആഗ്രഹം... അതിനുമുന്നിൽ ദൂരമോ മറ്റ് പ്രയാസങ്ങളോ ഒന്നും തടസ്സമായില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

28 ദിവസത്തെ ഉഴിച്ചിലും പിഴിച്ചിലും ഉൾപ്പെടെയുള്ള ചികിത്സാവിധികൾ. ചക്രക്കസേരയിലെത്തിയ ആൾക്ക് എഴുന്നേറ്റ് നടക്കാനാവുമെന്ന സ്ഥിതി. അമ്മയ്ക്ക് രോഗം ഭേദമായതിന്റെ ആശ്വാസത്തിലായിരുന്നു മകൻ അഖിലനും ജർമനിയിലെ മറ്റു ബന്ധുക്കളും. തുടർചികിത്സയ്ക്കായി ഒരുമാസം കഴിഞ്ഞ് എത്തിയാൽ മതിയെന്ന ഡോക്ടറുടെ നിർദേശത്തെത്തുടർന്ന് ഇവർ ആശുപത്രി വിട്ടു. ചികിത്സ വീണ്ടും തുടങ്ങുമ്പോഴേക്കും തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ.

മാർച്ച് ആദ്യം മകൻ ജർമനിയിലേക്ക് മടങ്ങി. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാന സർവീസുകൾക്ക് നിയന്ത്രണം വന്നതോടെ തിരിച്ചുവരവ് പ്രശ്നമായി. മൃദുലിന്റെ ബന്ധുവായ പിണറായി-ഹൈടെക് വീവിങ്‌ മില്ലിനു സമീപം താഴത്തുവീട്ടിൽ കെ.വി.ഷജിത്തിന്റെ വീട്ടിലാണ് ഇപ്പോൾ ഈ അമ്മ കഴിയുന്നത്. മകനെ കാണാതായതോടെ അസുഖം വീണ്ടും മൂർച്ഛിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. 10 ദിവസം നീണ്ട ആശുപത്രി വാസത്തിനുശേഷം പിണറായിലെ വീട്ടിൽ തുടരുകയാണ്.

ജർമനിയിൽനിന്നെത്തുന്ന ആശങ്കയുടെ ഫോൺവിളികളോട് നിസ്സംഗമായിട്ടാണ് ഇവരുടെ പ്രതികരണമെന്ന് ഷജിത്തും കുടുംബവും പറയുന്നു. പക്ഷേ പേരക്കുട്ടികളുടെ മുഖം വീഡിയോകോളിൽ തെളിയുമ്പോൾ വർസെയുടെ കണ്ണുകൾ നിറഞ്ഞൊഴുകും. വർസെയുടെ വിഷമം ഇതിനോടകം നാട്ടുകാരുടെ കൂടി സങ്കടമായി മാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും വിദേശകാര്യ സഹമന്ത്രിയുടെയും മറ്റും ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇവർ.