പാപ്പിനിശ്ശേരി: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ്‌ സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെ.സി.സി.പി.എൽ.) ഇനിമുതൽ വേറിട്ട ഉത്‌പന്നങ്ങൾ. അസംസ്കൃതസാധനങ്ങളുടെ കുറവുമൂലം കഴിഞ്ഞ മൂന്നുവർഷമായി ഉത്‌പാദനം നടക്കുന്നില്ല. വൈവിധ്യവത്‌കരണത്തിലൂടെ തൊഴിലാളികൾക്ക് ജീവിതോപാധി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പാപ്പിനിശ്ശേരിയിൽ കമ്പനിയുടെ കീഴിൽ പെട്രോൾപമ്പ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് കമ്പനിയുടെ കേന്ദ്രഓഫീസിനോട് ചേർന്നാണ് പമ്പ് പ്രവർത്തിക്കുക. ഇതിനായി 20 ലക്ഷം രൂപയാണ് കമ്പനി ചെലവിട്ടത്. പമ്പിനോട് ചേർന്ന് മിൽമ പാർലറും സ്ഥാപിക്കും. ഇതിലൂടെ തൊഴിൽ നഷ്ടപ്പെട്ട 20 പേർക്ക് ജോലി നൽകാനാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. മാങ്ങാട്ടുപറമ്പ്, കരിന്തളം എന്നിവിടങ്ങളിലും പെട്രോൾപമ്പ് സ്ഥാപിക്കും.

പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ കയർ ഉത്‌പന്ന നിർമാണ കമ്പനി സ്ഥാപിക്കും. കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയുമായി സഹകരിച്ചാണ് നിർമാണം നടത്തുക. ഇതിന് 3.60 കോടിയുടെ ഭരണാനുമതി ലഭിച്ചു. മാങ്ങാട്ടുപറമ്പിൽ 5000 ചതുരശ്രയടി സ്ഥലത്ത് മലബാർ മീറ്റ് കോൾഡ് സ്റ്റോറേജ് നിർമിക്കും. ഇതോടൊപ്പം 2000 ചതുരശ്രയടി സ്ഥലത്ത് ഗാർഡൻ നഴ്സറിയും തുടങ്ങും

കണ്ണപുരത്ത് കോക്കനട്ട് പ്രോസസിങ്‌ യൂണിറ്റിന്റെ നിർമണം പുരോഗമിക്കുകയാണ്. ഒക്ടോബർ മാസത്തോടെ പ്രവർത്തനസജ്ജമാകുമെന്ന് കമ്പനി എം.ഡി. എസ്. അശോക് കുമാർ പറഞ്ഞു. ഫിഷറീസ് വകുപ്പമായി സഹകരിച്ച് ഫിഷറീസ് വകുപ്പിനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി നൽകുന്നതിന് എ.ഡി.എ.കെ.യുമായി ധാരണയായിട്ടുണ്ട്.

പുതിയ സംരംഭങ്ങൾ പൂർത്തിയാകുന്നതോടെ കമ്പനിയിലെ 250-ല്പരം തൊഴിലാളികൾക്ക് തൊഴിൽ നൽകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതോടെ കമ്പനിയുടെ പേരുപോലും മാറിയേക്കാം.

ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച്‌ നീലേശ്വരത്ത് 10,000 കോഴികളെ വളർത്തുന്ന ഫാം, പോത്ത്, ആട് വളർത്തൽ, ഡയറി ഫാം, പുൽക്കൃഷി എന്നിവ തുടങ്ങും. കരിന്തളത്ത് 15000 കോഴികളെ വളർത്താനും ഒരു ലെയർ ബ്രീഡർ ഫാം സ്ഥാപിക്കാനും ധാരണാപത്രം ഒപ്പിട്ടതായി ചെയർമാൻ ടി.കെ. ഗോവിന്ദൻ, ജനറൽ മാനേജർ എ. ബാലകൃഷ്ണൻ, അസി. മാനേജർ കെ. മധുസൂദനൻ എന്നിവർ അറിയിച്ചു.