നെടുമ്പാശ്ശേരി: അനുദിനം ലാഭത്തിലേക്ക്‌ കുതിച്ചിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക്‌ (സിയാൽ) കോവിഡ് തിരിച്ചടിയായി. നടപ്പു സാമ്പത്തികവർഷം ഇതുവരെ 72 കോടി രൂപയാണ് സിയാലിന്റെ നഷ്ടം. 2019-20 വർഷം 204.05 കോടി രൂപയായിരുന്നു ലാഭം. ‘കൊച്ചിൻ ഡ്യൂട്ടി ഫ്രീ’ ഉൾപ്പെടെയുള്ള ഉപ കമ്പനികൾ കൂടി പരിഗണിച്ചാൽ മൊത്തവരുമാനം 810.08 കോടി രൂപയാണ്. നടപ്പു സാമ്പത്തികവർഷം ആദ്യപാദം പിന്നിട്ടപ്പോൾത്തന്നെ 72 കോടി രൂപ നഷ്ടമായി. ഇക്കാലത്തെ വരുമാനം 19 കോടി രൂപ മാത്രമാണ്.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 655.05 കോടിയുടെ മൊത്തവരുമാനം നേടി. നികുതി കിഴിച്ചുള്ള ലാഭമാണ് 204.05 കോടി രൂപ. അതിന് മുമ്പുള്ള വർഷം 166.91 കോടിയായിരുന്നു ലാഭം.

ഓഹരിയുടമകൾക്ക് ഇക്കുറി 27 ശതമാനം ലാഭവിഹിതം നൽകാൻ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിട്ടുള്ള വാർഷിക പൊതുയോഗം അംഗീകരിച്ചാൽ 19,500-ൽപ്പരം നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. 34 കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ഈയിനത്തിൽ സിയാലിൽ നിന്ന് ലഭിക്കും.

2003-04 മുതൽ സിയാൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നുണ്ട്. കോവിഡിനെ തുടർന്ന് 2020 മാർച്ച് അവസാനയാഴ്ച മുതൽ വ്യോമഗതാഗതം അന്താരാഷ്ട്ര തലത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 242 സർവീസുകളും 30,000-ത്തോളം യാത്രക്കാരും ഉണ്ടായിരുന്ന സിയാലിൽ ഇപ്പോൾ ശരാശരി 36 സർവീസുകളാണുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 2300-ൽ താഴെയായി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനായി വലിയ ചെലവുണ്ട്. വെള്ളപ്പൊക്ക നിവാരണ പദ്ധതികൾക്കായി ചെലവിടുന്നത് 129.30 കോടി രൂപയാണ്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി അയയുന്നതോടെ സിയാലിന് മുൻവർഷങ്ങളിലെ പ്രവർത്തനവിജയം ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഓൺലൈനായി ചേർന്ന യോഗത്തിൽ ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി വി.എസ്. സുനിൽകുമാർ, കെ. റോയ്‌ പോൾ, എ.കെ. രമണി, എം.എ. യൂസഫലി, സി.വി. ജേക്കബ്, എൻ.വി. ജോർജ്, ഇ.എം. ബാബു, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.