ആലപ്പുഴ: സംസ്ഥാനത്ത് ഉരുൾപൊട്ടൽസാധ്യതകൾ വിശകലനംചെയ്യുന്നത് 12വർഷംമുൻപ്‌ തയ്യാറാക്കിയ മാപ്പ് ഉപയോഗിച്ച്. ഉരുൾപൊട്ടലുണ്ടാകാൻസാധ്യതയുള്ള പ്രദേശങ്ങൾ രേഖപ്പെടുത്തി 2008-ൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയാറാക്കിയ മാപ്പാണ് ഇപ്പോഴും ആശ്രയം.

മൂന്നുവർഷമായി മൺസൂൺകാലത്ത് സംസ്ഥാനത്ത് വൻ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും പതിവാണ്. എന്നിട്ടും പ്രശ്നസാധ്യതാമേഖലകൾ മുൻകൂട്ടി നിർണയിക്കാൻ ആധുനികസങ്കേതങ്ങൾ ഉപയോഗിക്കുന്നില്ല.

മാപ്പ് തയാറാക്കിയകാലത്തെ സ്ഥിതിയല്ല ഇന്നുകേരളത്തിൽ. മാപ്പിൽ ഉപയോഗിച്ചിട്ടുള്ള തോതും(സ്കെയിൽ) ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതല്ല. ഇതുപയോഗിച്ച് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലെ വിലയിരുത്തലുകൾ അസാധ്യമാണെന്ന് കേരള സർവ കലാശാല ജിയോളജിവിഭാഗം അസി.പ്രൊഫസർ ഡോ.കെ.എസ്.സജിൻകുമാർ പറയുന്നു.

മൂന്നാർ ഗവ. ആർട്ട്സ് കോളേജിനുസമീപം ഉരുൾപൊട്ടൽസാധ്യതയുള്ളതായി ഇദ്ദേഹം 2017-ൽ പഠനംനടത്തി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2018-ൽ ഇവിടെയുണ്ടായ ദുരന്തത്തിൽ കോളേജിന്റെ പലകെട്ടിടങ്ങളും മണ്ണിനടിയിലായി.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണം

ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കൂടുതൽ കൃത്യമായി ഉരുൾപൊട്ടൽസാധ്യതാപ്രദേശങ്ങൾ കണ്ടെത്തി രേഖപ്പെടുത്താനാകുമെന്നാണ് ഡോ.സജിൻകുമാർ പറയുന്നത്. മലയോരമേഖലകളിലെങ്കിലും ഓട്ടോമാറ്റിക് റിയൽ ടൈം മഴമാപിനികൾ സ്ഥാപിക്കണം. അതതുസമയത്തെ മഴയുടെ അളവ് ഇതിൽ കൃത്യമായി അറിയാം. ഉരുൾപൊട്ടൽ സാധ്യതാപഠനത്തിലെ കൃത്യതയ്ക്ക് ഇത്തരം മഴമാപിനികളാണ് ഉചിതം. ഒരുപ്രദേശത്ത് എത്ര മഴപെയ്താൽ അവിടെ ഉരുൾപൊട്ടാമെന്ന് മണ്ണിന്റെ ഘടനാപഠനത്തിലൂടെ കണ്ടെത്താനാകും. മണ്ണിന്റെ ഉയരം, ആ മണ്ണിനെ പൂരിതമാക്കാൻ എത്രയളവിൽ മഴപെയ്യണം എന്നിവയും കണക്കുകൂട്ടാനാകും.

മാപ്പ് പ്രാദേശികാടിസ്ഥാനത്തിൽ വേണം

നിലവിൽ ആശ്രയിക്കുന്ന മാപ്പിൽ ഭൂമിയിലെ അര കിലോമീറ്ററിനെ ഒരു സെന്റിമീറ്ററായാണ് അടയാളപ്പെടുത്തുന്നത്. ഉരുൾപൊട്ടലിന്റെവീതി 10 മീറ്ററാണെങ്കിൽ ഇതിനെ ഇപ്പോഴത്തെ മാപ്പിൽ അടയാളപ്പെടുത്തുന്നതിൽ പരിമിതികളുണ്ട്. കൃത്യതയെയും ബാധിക്കും. ഭൂമിയിലെ മൂന്നുമീറ്ററിനെ ഒരുസെന്റിമീറ്ററായി കാണിക്കുന്ന മാപ്പാണ് വേണ്ടത്. കേരളത്തിന്റെ മൊത്തത്തിലുള്ള മാപ്പ് ഈ തോതിൽ തയ്യാറാക്കുക പ്രയാസമാണ്. ഓരോ പഞ്ചായത്ത്/നഗരസഭ/ കോർപ്പറേഷൻതിരിച്ച് തയ്യാറാക്കണം. ഇതുകൂടുതൽ കൃത്യതനൽകുമെന്ന് ഡോ.സജിൻ പറയുന്നു.