തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ ഗ്രേഡ് കാർഡുകൾ വിതരണംചെയ്യുന്നത് വൈകും. സർവകലാശാല ഉൾപ്പെടുന്ന പള്ളിക്കൽ വില്ലേജ് കൺടെയ്ൻമെന്റ് മേഖലയിൽ ഉൾപ്പെട്ടതിനാൽ കഴിഞ്ഞ 10 ദിവസമായി പ്രധാന ഓഫീസുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഗ്രേഡ് കാർഡ് അച്ചടി തുടങ്ങിയപ്പോഴാണ് പരീക്ഷാഭവനും അടച്ചിടേണ്ടിവന്നത്.

കോളേജുകളിൽനിന്ന് അയച്ചുകിട്ടേണ്ട എൻ.എസ്.എസ്., എൻ.സി.സി. ഉൾപ്പെടെയുള്ള ഗ്രേസ്‌മാർക്കുകൾ പലതും ഇപ്പോഴും ലഭിച്ചിട്ടില്ല. പല സ്ഥാപനങ്ങളും കൺടെയ്ൻമെന്റ് മേഖലയിലാണെന്നതാണ് കാരണം. ബിരുദഫലം പ്രഖ്യാപിച്ചതിനുശേഷം വെബ്‌സൈറ്റിൽ താത്കാലികമായി നൽകിയ വൈറ്റ് കാർഡ് മാത്രമേ വിദ്യാർഥികൾക്ക് ലഭിച്ചിട്ടുള്ളൂ.

കാലിക്കറ്റിനു കീഴിലെ കോളേജുകളിൽ പ്രവേശനത്തിന് ഇത് മതിയാകുമെങ്കിലും പുറത്തുള്ള സർവകലാശാലകളിൽ അനുവദിക്കണമെന്നില്ല. മാത്രമല്ല ഗ്രേസ് മാർക്ക് കൂടി ചേർത്ത് തയ്യാറാക്കിയാൽ മാത്രമേ ഇതിന്റെ ഗുണം വിദ്യാർഥികൾക്ക് ലഭിക്കൂ.

തപാലിൽ വരുന്നവ നോക്കി മാർക്ക് ചേർക്കലും ഗ്രേഡ് കാർഡ് അച്ചടിക്കലും വിതരണം ചെയ്യലുമെല്ലാം ഓഫീസ് തുറന്നെങ്കിൽ മാത്രമേ നടക്കൂ. സർവകലാശാലയുടെ പി.ജി. പ്രവേശനവും ഇതനുസരിച്ച് വൈകിയേക്കാം.