തിരുവനന്തപുരം: ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശ്ശൂർ മണ്ണുത്തി സ്വദേശിനിയുമായ കെ.എസ്. സ്വപ്നയുടെ ആത്മഹത്യയ്ക്കു കാരണം ജോലിസംബന്ധമായ മാനസികസമ്മർദമാണെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തതിനെത്തുടർന്നാണിത്. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

ജീവനക്കാരി ആത്മഹത്യചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കാനറാ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ (തിരുവനന്തപുരം) റിപ്പോർട്ട് നൽകണം. കാനറാ ബാങ്ക് റീജ്യണൽ മാനേജറും റിപ്പോർട്ട് നൽകണം. സംസ്ഥാനത്തെ ബാങ്കുകളിലെ ജീവനക്കാർ അനുഭവിക്കേണ്ടിവരുന്ന സമ്മർദത്തെക്കുറിച്ച് പരിശോധനനടത്തി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി.) കൺവീനർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ബാങ്കുകൾ ജീവനക്കാരുടെമേൽ നടത്തുന്ന അമിത സമ്മർദത്തിനെതിരേ കൽപ്പറ്റയിൽ അഭിഭാഷകനായ എ.ജെ. ആന്റണിയും കമ്മിഷന് പരാതി നൽകിയിരുന്നു. മൂന്നുമാസംമുമ്പ് ഗുരുവായൂരിലും എട്ടുമാസംമുമ്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാർ ജീവനൊടുക്കിയിരുന്നുവെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.