തിരുവനന്തപുരം: പ്രധാന നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം ഈ വർഷവും പൂർത്തിയാകില്ല. കടലിൽ കല്ലിട്ട് തുറമുഖത്തെ സംരക്ഷിക്കേണ്ട ബ്രേക്‌വാട്ടർ നിർമാണം 30 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ആകെ 2960 മീറ്റർ ബ്രേക്‌വാട്ടർ നിർമിക്കേണ്ടിടത്ത് 800 മീറ്ററാണ് നിർമിച്ചത്. മൺസൂണിന് മുൻപ് 900 മീറ്റർ പൂർത്തിയാക്കാനാണ് നിർമാണക്കമ്പനിയായ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മൺസൂൺ എത്തിയാൽ ബ്രേക്‌വാട്ടർ നിർമാണം സാധ്യമാകാതെ വരും. നിലവിൽ നിർമിച്ച ഭാഗം സംരക്ഷിക്കാൻ കടലിൽ പുലിമുട്ട് നിർമിക്കേണ്ടിയും വരുമെന്നാണ് കണക്കുകൂട്ടുന്നത്. പിന്നീട് കാലാവസ്ഥ അനുകൂലമാകുന്ന ഒക്‌ടോബറോടുകൂടി മാത്രമേ കടലിൽ നിർമാണം പുനരാരംഭിക്കാനാകൂ.

ബ്രേക് വാട്ടർ നിർമാണത്തിന് കല്ല് എത്തിക്കുന്നതിന് ഇപ്പോഴും തടസ്സങ്ങളുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ബ്രേക്ക്‌വാട്ടർ സംവിധാനമൊരുക്കുന്നതിന് 50 ലക്ഷം ടൺ കല്ല് ഇനിയും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കല്ലെടുക്കാനായി സംസ്ഥാനത്ത് അനുവദിച്ച ക്വാറികൾ എല്ലാം പ്രവർത്തനസജ്ജമായിട്ടില്ല. ക്വാറികൾ പ്രവർത്തിപ്പിക്കാൻ നേരത്തെയുണ്ടായിരുന്ന 50 മീറ്റർ ദൂരപരിധിയെന്നത് 200 മീറ്ററാക്കിയ ഹൈക്കോടതി വിധി തുറമുഖനിർമാണത്തെ ബാധിക്കുമെന്നാണ് ആശങ്ക. ഇത് നടപ്പാക്കിയാൽ തുറമുഖത്തിനായി കല്ലെടുക്കാൻ അനുവദിച്ച പല ക്വാറികളും പ്രവർത്തിപ്പിക്കാനാകില്ല. ഇതിനെതിരേ ദേശീയ ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെ കടൽമാർഗം കല്ലെത്തിക്കുന്നതിന് നാല് ബാർജുകൾ വിഴിഞ്ഞത്തെത്തിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ ബാർജുകൾ എത്തിച്ചാലേ കടൽവഴിയുള്ള കല്ലെത്തിക്കൽ പൂർണതോതിലാകൂ.

2022-ൽ തുറമുഖത്തിന്റെ പണി പൂർത്തിയാക്കാനാകുമെന്ന് വിഴിഞ്ഞം അദാനി പോർട്ട് ലിമിറ്റഡ് സി.ഇ.ഒ. രാജേഷ് ഝാ പറഞ്ഞു. ഓഖി, കോവിഡ് തുടങ്ങിയവ കാരണം പലതവണ തുറമുഖനിർമാണം നിർത്തേണ്ടിവന്നതും താമസമുണ്ടാക്കിയെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. 7700 കോടിയുടെ പൊതു-സ്വകാര്യ (പി.പി.പി.) പദ്ധതി 2015 ഡിസംബറിലാണ് നിർമാണം തുടങ്ങിയത്. നാലുവർഷത്തിനുള്ളിൽ(1460 ദിവസം) നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ. സംസ്ഥാന സർക്കാർ 3500 കോടിയോളമാണ് പദ്ധതിക്കായി മുടക്കേണ്ടത്.

പദ്ധതിയുടെ ഭാഗമായി പോർട്ട് ഓഫീസ് മന്ദിരം ഈ വർഷം ഉദ്ഘാടനം നടത്തി. 220 കെ.വി. സബ്‌സ്റ്റേഷന്റെയും കാർഗോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം വരുംമാസങ്ങളിൽ നടത്താനായേക്കുമെന്നാണ് കരുതുന്നത്. പദ്ധതിയ്ക്കാവശ്യമായ ക്രെയിൻ ഉൾപ്പെടെയുള്ള വലിയ ഉപകരണങ്ങൾ ചൈനയിൽ നിന്നാണ് എത്തിക്കേണ്ടത്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ റോഡ്, റെയിൽവേ നിർമാണവും ഇതുവരെ ആരംഭിച്ചിട്ടില്ല.