കൊച്ചി: പറമ്പിന്റെ ചുറ്റുമതിലിൽനിന്ന് കൈയെത്തിച്ചാൽ ഹെലികോപ്റ്ററിന്റെ പങ്കകളിലൊന്നിൽ തൊടാം. ആ മതിലിലെങ്ങാൻ തട്ടിയിരുന്നെങ്കിൽ ദുരന്തത്തിൽ കലാശിച്ചേനെ. ഹെലികോപ്റ്റർ ഇടിച്ചിറക്കിയ പറമ്പിനു തൊട്ടടുത്ത വർക്‌ഷോപ്പിൽ നിറയെ ബസുകളും വാനുകളും. എതിർവശത്ത് അകലെയല്ലാതെ രണ്ട് വീടുകൾ. പറമ്പിനോടുചേർന്ന് വൈദ്യുതിലൈനുകൾ. അമ്പത് മീറ്റർ അകലെമാത്രം ദേശീയപാത.

എം.എ. യൂസഫലി ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് പൈലറ്റ് അശോകിന്റെയും സഹപൈലറ്റ് ശിവകുമാറിന്റെയും പിഴയ്ക്കാത്ത കണക്കുകൂട്ടലുകളിൽ. മഴയും കാറ്റും ഹെലികോപ്റ്ററിനെ പിടിച്ചുലച്ചതോടെ എവിടെയെങ്കിലും സുരക്ഷിതമായി ഇറക്കാൻ പൈലറ്റുമാർ തീരുമാനിച്ചു. അങ്ങനെയാണ് പനങ്ങാട് പോലീസ് സ്റ്റേഷനിൽനിന്നു നൂറ്റമ്പത് മീറ്റർ അകലത്തിലുള്ള ഒഴിഞ്ഞ 20 സെന്റ് ശ്രദ്ധയിൽപ്പെട്ടത്. ധാരാളം പുല്ലുവളർന്ന് നിൽക്കുന്നതിനാൽ സുരക്ഷിതമാണെന്ന് ഇരു പൈലറ്റുമാരും ഉറപ്പിച്ചു. പറമ്പിനു മുകളിൽ വന്ന ഹെലികോപ്റ്റർ സാവധാനത്തിൽ താഴ്ന്ന് ഇടതുവശത്തേക്ക് അല്പം മാറിയാണ് ഇറങ്ങിയത്. ഇതാണ് പങ്കകൾ ഹോളോബ്രിക്സ് മതിലിനെ തൊട്ടുതൊട്ടില്ലെന്ന രീതിയിലായത്.

ചതുപ്പിൽ ഹെലികോപ്റ്ററിന്റെ വാതിലുകൾ വരെയുള്ള ഭാഗം വെള്ളത്തിൽ താഴ്ന്നു.