കോട്ടയ്ക്കൽ: വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജിൽ ബി.എ.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പൗത്രൻ കെ.ആർ. അജയ് ഇതിനായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോളേജിനുവേണ്ടി ആര്യവൈദ്യശാല ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ഡോ. ജി.സി. ഗോപാലപിള്ള ചെക്ക് ഏറ്റുവാങ്ങി.

വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആര്യവൈദ്യശാല മെറിറ്റ് സ്‌കോളർഷിപ്പ്, പി.ടി.എ. എൻഡോവ്മെന്റ്, പ്രൊഫ. ടി.എൻ.കെ. മൂസത്, എൻ.വി. രാഘവവാരിയർ, ഡോ. ഭരതരാജൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ ഉൾപ്പെടെ പതിനേഴോളം പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണംചെയ്തു.

വിവിധ വർഷങ്ങളിൽ ബി.എ.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ എം.ആർദ്ര, അഖില ഉണ്ണി, ഫഹ്‌മ ജെബിൻ, പി. ശരണ്യ, വിജിന രവീന്ദ്രൻ, പി. ഗോപിക എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള കോളേജ് യൂണിയന്റെ അവാർഡുകളും വിതരണംചെയ്തു. കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ടി. ഭാസ്‌കരൻ, പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ, ആര്യവൈദ്യശാല പി.ആർ.ഒ എം.ടി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.