എടപ്പാൾ: റവന്യൂ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യം ഒടുവിൽ സാക്ഷാത്കരിക്കുന്നു. റവന്യൂ ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സ്ഥാപിക്കാനുള്ള നടപടികളായി. മലപ്പുറം ജില്ലയിലെ 11 വില്ലേജ് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചു. സർക്കാരിന്റെ 100-ദിന കർമപദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ല മുന്നോട്ടുവെച്ച സേവന സൗഹൃദ വില്ലേജ് ഓഫീസുകളെന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനി താലൂക്കിലാണ് ഇവയാരംഭിച്ചിട്ടുള്ളത്.

നിലവിലെ ഇ-ഓഫീസ് സംവിധാനവും ജീവനക്കാരെയും ഉപയോഗിച്ചാണ് തുടക്കംകുറിച്ചതെന്ന് ജില്ലയിൽ നേതൃത്വംനൽകുന്ന എ.ഡി.എം. എൻ.എം.മെഹറലി പറഞ്ഞു. വില്ലേജ് ഓഫീസിലെത്തുന്നവരുടെ അപേക്ഷകൾ സ്‌കാൻചെയ്ത് അപ്‌ലോഡ് ചെയ്ത് ഇലക്‌ട്രോണിക് രസീതും നമ്പറും അപേക്ഷകന്റെ ഫോണിലെത്തും. പിന്നീട് ഈ നമ്പറുപയോഗിച്ച് തത്‌സ്ഥിതി പരിശോധിക്കാം. അടുത്തുതന്നെ ഓൺലൈനായും ഇതു നൽകാനാവുന്ന രീതിയിലേക്ക് മാറ്റും. പൊന്നാനിയിലെ വിജയം പരിശോധിച്ച് ജില്ലയിലും സംസ്ഥാനത്ത് ഏറ്റവും തിരക്കുള്ള 30 ശതമാനം വില്ലേജുകളിലും ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കും.