മലപ്പുറം: ഹരിതയുടെ പരാതി മുസ്‌ലിം ലീഗ് നേതൃത്വം കൈകാര്യംചെയ്ത രീതിയാണു കാര്യങ്ങൾ വഷളാക്കിയതെന്ന് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം. സംസ്ഥാന ജനറൽസെക്രട്ടറി ലത്തീഫ് തുറയൂരടക്കം എട്ടു ഭാരവാഹികൾ ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിക്ക്‌ നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമിന്റെ അപക്വമായ ഇടപെടൽമൂലമാണ് ഹരിതയുടെ പരാതി വനിതാ കമ്മിഷനിലെത്തിയതെന്നും അവർ ആരോപിക്കുന്നു.

എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരേ ഹരിത ഉയർത്തിയ ആരോപണങ്ങളെത്തുടർന്ന് ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ തീരുമാനം അത്യധികം ഖേദകരമാണ്. വിഷയം പാർട്ടിക്കും എം.എസ്.എഫിനും പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കി. ആരോപണവിധേയർ തെറ്റുകാരാണെന്നു കണ്ടെത്തിയിട്ടും അർഹമായ അച്ചടക്കനടപടിയുണ്ടാകാത്തത് വിദ്യാർഥികൾക്കിടയിൽ പാർട്ടിക്കു പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.

പാർട്ടി ഭരണഘടനയുടെ പിൻബലമില്ലാത്ത ഉന്നതാധികാരസമിതി ഹരിതയെ പിരിച്ചുവിട്ട നടപടി നീതികരിക്കാനാവില്ല. എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയോ ദേശീയ കമ്മിറ്റിയോ കൈകാര്യംചെയ്യേണ്ട വിഷയം പാർട്ടിയുടെ സമുന്നതരായ നേതാക്കൾ കൈകാര്യംചെയ്യുകയും പൊതുസമൂഹത്തിനു നീതീകരിക്കാൻപറ്റാത്ത രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്യുമ്പോൾ സാദിഖലി തങ്ങൾ പറഞ്ഞതുകൊണ്ടാണെന്നു പറഞ്ഞു കൈയൊഴിയുന്നത് സംഘടനയ്ക്കു ഗുണകരമല്ല. തീരുമാനം പുനഃപരിശോധിച്ച് പാർട്ടിയുടെ മുഖം രക്ഷിക്കണം. വിഷയങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകാൻ ഉപസമിതി രൂപവത്കരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

എം.എസ്.എഫ്. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ്, വൈസ് പ്രസിഡന്റുമാരായ ഷഫീഖ് വഴിമുക്ക്, പി.പി. ഷൈജൽ, സെക്രട്ടറിമാരായ കെ.എം. ഫവാസ്, കെ.ടി. റഊഫ്, കെ.എം. ഷിബു, ബിലാൽ റഷീദ് എന്നിവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ലീഗ് ദേശീയ ഭാരവാഹികളും എം.പി.മാരുമായ ഇ.ടി. മുഹമ്മദ്ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽവഹാബ് എന്നിവർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.