അടൂർ: ചികിത്സിച്ച ഡോക്ടർക്കും ആശുപത്രിക്കും എതിരേ പരാതിയുമായി രോഗിയും കുടുംബാംഗങ്ങളും. അടുത്തിടെ സസ്പെൻഷനിലായ ഡോ.ജയൻ സ്റ്റീഫനും അടൂരിലെ ഹോളിക്രോസ് ആശുപത്രിക്കും എതിരേയാണ് പെരിങ്ങനാട് പുത്തൻചന്ത പോത്തടി ഗ്രേസ് വില്ലയിൽ ലീലാമ്മയും (62) കുടുംബവും പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് െപ്രാഫസറായ, ഡോ.ജയൻ സ്റ്റീഫനെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് സസ്പെൻഡ് ചെയ്തത്. ഇതേ ആശുപത്രിയിൽ ഇയാൾ ചികിത്സിച്ച വില്ലേജ് ഓഫീസർ മരിച്ചതിന് മറ്റൊരു കേസ് നിലവിലുണ്ട്.

ലീലാമ്മയെ ചികിത്സിച്ചതിലെ പിഴവ് മനസ്സിലാക്കിയ ഹോളിക്രോസ് ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ലെന്നാണ് പരാതി.

2020 സെപ്റ്റംബർ 11-നാണ് ലീലാമ്മ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ഡോ.ജയൻ സ്റ്റീഫനാണ് ശസ്ത്രക്രിയ നടത്തിയത്. 12-ന് വാർഡിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ലീലാമ്മയുടെ ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് ഹോളിക്രോസ് ആശുപത്രി അധികൃതർതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു.

13-ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധനയിൽ, ഹോളിക്രോസിലെ ശസ്ത്രക്രിയയിൽ ലീലാമ്മയുടെ ചെറുകുടൽ മുറിഞ്ഞെന്നും ഇതിന്റെ ഫലമായി അണുബാധ ഉണ്ടായെന്നും വ്യക്തമായി. മറ്റ് ആന്തരികാവയവങ്ങൾക്കും പ്രശ്നങ്ങൾവന്നു.

അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്ന് തിരുവല്ല ആശുപത്രിയിലെ ഡോക്ടർ അറിയിച്ചെന്ന് ലീലാമ്മയുടെ ഭർത്താവ് ജെ.മാത്യു പറയുന്നു. തുടർന്ന് ഒരു ശസ്ത്രക്രിയകൂടി നടത്തി. 40 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് വിട്ടത്. ഈ ശസ്ത്രക്രിയയ്ക്കുമാത്രം 13,78,768 രൂപ ചെലവായതായി മാത്യു പറഞ്ഞു.

ലീലാമ്മയുടെ ചികിത്സയിൽ മുന്പുണ്ടായ അപാകത ചൂണ്ടിക്കാട്ടി മാത്യു അടൂർ പോലീസിൽ പരാതി നൽകി. തുടർന്ന്, ഡോ.ജയൻ സ്റ്റീഫൻ ഉൾപ്പെടെയുള്ള ആശുപത്രി അധികൃതർ സ്റ്റേഷനിലെത്തി നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചെന്നും പിന്നീട് ഈ വാഗ്ദാനത്തിൽനിന്നു അവർ പിൻമാറിയെന്നും മാത്യു പറയുന്നു. തുടർന്ന് നടന്ന അനുരഞ്ജന ചർച്ചയിൽ ഏഴ് ലക്ഷം നൽകാമെന്ന് സമ്മതിച്ചെങ്കിലും അതും ലഭിച്ചിെല്ലന്ന് മാത്യു പറയുന്നു.

എന്നാൽ, തിരുവല്ലയിൽ നടത്തിയ വിദഗ്ധ ചികിത്സയ്ക്ക് ഡീലക്സ് സൗകര്യങ്ങളാണ് ലീലാമ്മ പ്രയോജനപ്പെടുത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവ് വഹിക്കാൻ കഴിയില്ലെന്നുമാണ് ഹോളി ക്രോസ് ആശുപത്രി അധികൃതർ പറയുന്നത്.