കൊല്ലം : അഞ്ചൽ ഉത്രവധക്കേസിൽ അന്വേഷണസംഘം മൂർഖൻ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്മോർട്ടവും നിർണായക തെളിവാകും. പ്രതി സൂരജ് പാമ്പിനെക്കൊണ്ട് രണ്ടുതവണ കടിപ്പിച്ചതിൻറെ മുറിപ്പാടുകൾ തമ്മിലുള്ള അകലം തെളിയിക്കാനാണ് ഡമ്മി പരീക്ഷണം നടത്തിയത്. സൂരജ് മൂർഖൻ പാമ്പിൻറെ തലയിൽ പിടിച്ച് ഉത്രയെ കടിപ്പിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഡമ്മി പരീക്ഷണം സഹായകമായതായി അന്വേഷണസംഘം പറയുന്നു.

ഉത്രയുടെ ഉയരത്തിലും ഭാരത്തിലുമുള്ള ഡമ്മി തയാറാക്കി, അതിൽ കോഴിയിറച്ചി കെട്ടിവെച്ച് മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. സാധാരണ മൂർഖൻ കടിച്ചാൽ, പല്ലുകൾ തമ്മിലുള്ള അകലം 1.7 സെൻറീമീറ്ററേ ഉണ്ടാകൂ. പാമ്പിനെ തലയിൽ പിടിച്ച് കടിപ്പിക്കുമ്പോൾ ഇത് 2.8 സെന്റീമീറ്റർവരെയാകും. ഉത്രയുടെ ശരീരത്തിലെ മുറിവുകളുടെ വ്യത്യാസം യഥാക്രമം 2.5-ഉം 2.8-ഉം സെൻറീമീറ്ററായിരുന്നു. പാമ്പിനെ തലയിൽ പിടിച്ച് കടിപ്പിച്ചാൽമാത്രമേ ഇത്രയും അകലത്തിൽ മുറിവുണ്ടാകൂ. ഡമ്മി പരീക്ഷണത്തിലൂടെ, ഉത്രയെ മൂർഖൻറെ തലയിൽ പിടിച്ച് കടിപ്പിച്ചെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലായ് അവസാനവാരം കുളത്തൂപ്പുഴ അരിപ്പയിലെ വനംവകുപ്പിൻറെ പരിശീലനകേന്ദ്രത്തിൽവെച്ചാണ് അന്നത്തെ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിൻറെ നേതൃത്വത്തിൽ ഡമ്മി പരീക്ഷണം നടത്തിയത്.

ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്‌മോർട്ടവും നിർണായക തെളിവാകും. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി സൂക്ഷിച്ചിരുന്നതാണെന്നതിന് ഇത് തെളിവാകും.

ഉത്രയെ രണ്ടു പ്രാവശ്യം പാമ്പ്‌ കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നതെങ്കിലും എന്താണു സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മൂർഖന് ഉത്ര കിടന്ന മുറിയിൽ കയറാൻ പഴുതില്ലായിരുന്നെന്നും ജനൽവഴി കയറാനുള്ള സാധ്യതയില്ലെന്നും വിദഗ്ധ സാക്ഷികൾ മൊഴി നൽകിയിരുന്നു.